കോട്ടയം: കണ്ടത്തിൽ ഗ്രൂപ്പിൻ്റെ കോട്ടയം നഗരത്തിലെ 13 കെട്ടിടങ്ങളിലുമായി അനധികൃത നിർമ്മാണമുള്ളത് ഒരു ലക്ഷം സ്ക്വയർ ഫീറ്റിലധികമാണ്. പാർക്കിംഗ് ഏരിയ കെട്ടിയടച്ചും 2 നിലയ്ക്ക് പെർമിറ്റ് എടുത്ത് നിർമ്മാണം നടത്തുകയും ഇതിൻ്റെ മറവിൽ മൂന്നും നാലും നിലകൾ കെട്ടിപ്പൊക്കുകയുമാണ് മുതലാളിയുടെ രീതി.
ഇത്തരത്തിൽ അനധികൃതമായി നിർമ്മിച്ച കെട്ടിടങ്ങൾക്ക് 20 വർഷമായി നികുതി വെട്ടിക്കുകയാണ് ചെയ്യുന്നത്. കോടിക്കണക്കിന് രൂപയാണ് ഇത്തരത്തിൽ സർക്കാരിലേക്ക് അടയ്ക്കാനുള്ളത്
കണ്ടത്തിൽ ഗ്രൂപ്പിൻ്റെ നഗരത്തിലെ 13 കെട്ടിടങ്ങളും അളന്ന് തിരിച്ച് കൃത്യമായ നികുതി ഈടാക്കണമെന്നും നിയമവിരുദ്ധമായി പാർക്കിംഗ് ഏരിയ കെട്ടിയടച്ച് കടമുറികളാക്കിയത് പൊളിച്ച് മാറ്റണമെന്നും ആവശ്യപ്പെട്ട് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ എ കെ ശ്രീകുമാർ തദ്ദേശ സ്വയംഭരണ വകുപ്പ് വിജിലൻസിന് പരാതി നൽകി.
കണ്ടത്തിൽ ഗ്രൂപ്പ് ഉടമ ഉന്നത രാഷ്ട്രീയ സ്വാധീനമുള്ളയാൾ ആണെന്നും കോട്ടയം ജില്ലയിലെ ഉദ്യോഗസ്ഥരെ സ്വാധിനിക്കുമെന്നും ആയതിനാൽ ജില്ലയ്ക്ക് പുറത്തു നിന്നുള്ള ഉദ്യോഗസ്ഥരെ കൊണ്ട് കെട്ടിടങ്ങൾ അളപ്പിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതോടെ 20 വർഷത്തെ നികുതിയും മൂന്നിരട്ടി പിഴയുമായി 25 കോടിയിലധികം രൂപ കണ്ടത്തിൽ ഗ്രൂപ്പ് സർക്കാരിലേക്ക് അടയ്ക്കേണ്ടിവരും.
ഇതിനിടെ ഓടയിലൂടെ പൊതുജലാശയത്തിലേക്ക് സെപ്റ്റിക് ടാങ്ക് മാലിന്യം ഒഴുക്കിയ ശാസ്ത്രി റോഡിലെ കണ്ടത്തിൽ ലോഡ്ജിന് നഗരസഭയ്ക്ക് പിന്നാലെ പൊല്യൂഷൻ കൺട്രോൾ ബോർഡും നോട്ടിസ് നൽകി.
പിന്നാലെ ടൂറിസ്റ്റ് ഹോമിൻ്റെ സെപ്റ്റിക് ടാങ്കിന് മുകളിൽ തട്ടിക്കൂട്ട് സീവേജ് ട്രീറ്റ്മെൻ്റ് പ്ലാൻ്റ് നിർമ്മിച്ച് തടിതപ്പാനുള്ള ശ്രമം കണ്ടത്തിൽ ഗ്രൂപ്പ് തുടങ്ങി. ഈ കെട്ടിടം 70 വർഷം പഴക്കമുള്ളതാണെന്ന് ചൂണ്ടിക്കാണിച്ച് നഗരസഭ തേർഡ് ഐ ന്യൂസിന് രേഖാമൂലം മറുപടി നൽകിയിരുന്നു. ഇതോടെ 70 വർഷം പഴക്കമുള്ള ടൂറിസ്റ്റ് ഹോമിൻ്റെ സെപ്റ്റിക് ടാങ്കിനും 70 വർഷം പഴക്കമുണ്ടെന്നും അതിന് മുകളിൽ സീവേജ് ട്രീറ്റ്മെൻ്റ് പ്ലാൻ്റ് നിർമ്മാണം നടത്തിയാൽ വൻ അപകടമുണ്ടാകുമെന്നും അനുമതി നൽകരുതെന്നും കാണിച്ച് തേർഡ് ഐ ന്യൂസ് നഗരസഭയ്ക്ക് മറ്റൊരു പരാതിയും നൽകിയിട്ടുണ്ട്.






