കല്ലറ: കുടുംബപ്രശ്നങ്ങളെ തുടർന്ന് ഏഴ് വയസ്സുള്ള കുഞ്ഞിനൊപ്പം വേമ്പനാട്ടുകായലിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച 27-കാരിയായ യുവതിയെയും കുഞ്ഞിനെയും കല്ലറ പോലീസ് സമയോചിതമായി ഇടപെട്ട് രക്ഷപ്പെടുത്തി.
തണ്ണീർമുക്കം ബണ്ടിൽ യുവതിയും കുഞ്ഞും അപകടകരമായ സാഹചര്യത്തിൽ നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ട സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരായ രാജനും ജോസ് മാത്യുവും ഉടൻ ഇടപെടുകയും വിവരം കല്ലറ പോലീസ് സ്റ്റേഷനിൽ അറിയിക്കുകയുമായിരുന്നു.
തുടർന്ന് എസ്ഐ. (ജി) അജയ്കുമാറിന്റെ നേതൃത്വത്തിൽ സിവിൽ പോലീസ് ഓഫീസർമാരായ പ്രദീപ്, നിയാസ്, രാജീമോൾ എന്നിവർ സ്ഥലത്തെത്തി. പോലീസ് സംഘം സമയോചിതമായി ഇടപെട്ട് യുവതിയെയും കുഞ്ഞിനെയും വെള്ളത്തിലേക്ക് ചാടുന്നതിന് മുമ്പുതന്നെ സുരക്ഷിതമായി തിരികെ എത്തിക്കുകയായിരുന്നു.
പോലീസ് ഉദ്യോഗസ്ഥരുടെ കൂട്ടായ ഇടപെടലിലൂടെ വലിയൊരു ദുരന്തം ഒഴിവാക്കാനും അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിക്കാനും സാധിച്ചു. തുടർന്ന് ഇരുവർക്കും ആവശ്യമായ സഹായവും തുടർനടപടികളും പോലീസ് സ്വീകരിച്ചു.






