കൊല്ലം : കൊല്ലത്ത് യുവാവിനെ തട്ടിക്കോണ്ടു പോയെന്ന കേസില്‍ വൻ ട്വിസ്റ്റ്. പൊലീസിന്റെ മിന്നല്‍ പരിശോധനയില്‍ കള്ളനോട്ട് നിർമാണ കേന്ദ്രം കണ്ടെത്തി.
രണ്ടരക്കോടി രൂപയുടെ നിർമ്മാണ സാമഗ്രികളും സ്വർണവുമാണ് ഇവിടെ നിന്ന് പിടിച്ചെടുത്തത്. വാടി കല്ലേലിവയല്‍ പുരയിടം സ്വദേശി സിബിയോണിന്റെ വീട്ടിലായിരുന്നു പരിശോധന നടന്നത്. ഇക്കഴിഞ്ഞ 16ാം തീയതിയാണ് സിബിയോണിനെ കാണാനില്ലെന്ന് പൊലീസിന് പരാതി ലഭിച്ചിരുന്നത്. പിറ്റേന്ന് താൻ തിരികെ എത്തിയെന്ന് സിബിയോണ്‍ പൊലീസിനെ അറിയിച്ചിരുന്നു. തട്ടിക്കൊണ്ടുപോയ സംഘത്തെ വെട്ടിച്ചാണ് താൻ രക്ഷപ്പെട്ടതെന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്.
സിബിയോണിന്റെ തിരോധാനത്തിന് പിന്നില്‍ പങ്കുണ്ടെന്ന് സംശയിച്ചിരുന്ന വ്യക്തികളെ പൊലീസ് പിടികൂടുകയും പലരേയും റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ സംഭവത്തില്‍ ദുരൂഹത സംശയിച്ച പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ വീട്ടിലെ കള്ളനോട്ട് കേന്ദ്രം കണ്ടെത്തിയത്. സ്പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോർട്ടനുസരിച്ച് ഇയാള്‍ പൊലീസിന്റെയും ഡാൻസാഫ് സംഘത്തിന്റെയും നിരീക്ഷണത്തിലായിരുന്നു. അച്ചടിക്കുന്ന പ്രിന്ററുകളും നോട്ടെണ്ണുന്ന മെഷീനുകളും ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്. 46 പവൻ സ്വർണാഭരണങ്ങളും, 5 ലക്ഷം രൂപയും പൊലീസ് പിടിച്ചെടുത്തു. പിടിച്ചെടുത്തവയില്‍ സ്വർണ്ണ വാച്ച് ഉള്‍പ്പെടെയുണ്ട്. പൊലീസ് സിബിയോണിനെ കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. ഇയാളുടെ പിന്നില്‍ വലിയ സംഘമുണ്ടോ എന്ന സംശയിത്തില്‍ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. ഉന്നതർക്ക് സംഭവവുമായി ബന്ധമുണ്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്.
മണിക്കൂറുകള്‍ നീണ്ട പരിശോധനയാണ് ഇയാളുടെ വീട്ടില്‍ നടന്നത്. 500 ന്റെ നോട്ടിന്റെ കളർ പ്രിന്റ് ചെയ്ത 520 കെട്ടുകളാണ് ഇവിടെ നിന്ന് കണ്ടെത്തിയിരിക്കുന്നത്. ഇത് പ്രിന്റ് ചെയ്തിരുന്നെങ്കില്‍ 2.5 കോടിയുടെ നോട്ട് വരുമെന്നാണ് പൊലീസ് പറയുന്നത്. തട്ടിക്കൊണ്ട് പോകല്‍ അടക്കം ഇയാളുടെ തട്ടിപ്പുമായി ബന്ധപ്പെട്ട നാടകമാണോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഇയാളില്‍ നിന്ന് പിടിച്ചെടുത്ത അഞ്ച് ലക്ഷം രൂപ കള്ളനോട്ടാണോ എന്നും പൊലീസ് പരിശോധിക്കുകയാണ്. കൊല്ലത്തെ തീരപ്രദേശ മേഖലയായ വാടിയില്‍ വലിയ തിരക്ക് അനുഭവപ്പെടുത്ത സ്ഥലത്തായിരുന്നു ഇയാള്‍ കള്ളനോട്ട് നിർമാണ കേന്ദ്രം നടത്തിയിരുന്നതെന്നാണ് ഏറ്റവും പ്രധാനം.
സിബിയോണ്‍ നോട്ട് ഇരട്ടിപ്പിക്കല്‍ സംഘത്തിലെ കണ്ണിയാണെന്നു സംശയമുള്ളതായി പരിശോധനയ്ക്ക് നേതൃത്വം നല്കിയ പള്ളിത്തോട്ടം എസ്.എച്ച്.ഒ. പ്രതിഭ ജി.നായർ പറഞ്ഞു. 50,000 രൂപയുടെ യഥാർഥ നോട്ട് നല്കുമ്പോള് രണ്ടുലക്ഷം രൂപയുടെ കള്ളനോട്ട് നല്കി തട്ടിപ്പ് നടത്തുന്ന സംഘത്തിന്റെ ഭാഗമാണെന്നാണ് നിഗമനം. ഇയാളുടെ വീട്ടില്‍നിന്ന് കണ്ടെടുത്ത, വശങ്ങളില്‍മാത്രം പ്രിന്റ് ചെയ്ത പേപ്പർകെട്ടുകള്‍ കള്ളനോട്ട് അച്ചടിക്കാനായി മുറിച്ചതാണോയെന്നും അല്ലെങ്കില്‍ ഇടപാടിനെത്തുന്ന തട്ടിപ്പുസംഘത്തെ കബളിപ്പിക്കാൻ നോട്ടുകളുടെ മാതൃകയില്‍ വശങ്ങളില്‍മാത്രം പ്രിന്റ് ചെയ്തതാണോയെന്നും സംശയിക്കുന്നുണ്ട്. വശങ്ങളില്‍മാത്രം പ്രിന്റുചെയ്ത കെട്ടുകള്‍ക്കു മുകളില്‍ 500 രൂപയുടെ നോട്ടുെവച്ചാല് താഴെയുള്ളതും സമാനമായ നോട്ടുകളാണെന്നു തോന്നും
കുടുക്കിയത് തട്ടിക്കൊണ്ടുപോകല്‍ പരാതി
സിബിയോണിനെ തട്ടിക്കൊണ്ടുപോയെന്നു കാട്ടി ദിവസങ്ങള്‍ക്കുമുൻപ് ഭാര്യ നല്കിയ പരാതിയാണ് കള്ളനോട്ട് അച്ചടി കണ്ടെത്തുന്നതിന് വഴിയൊരുക്കിയത്. 17-നാണ് സ്കൂട്ടറിലെത്തിയ സംഘം സിബിയോണിനെ തട്ടിക്കൊണ്ടുപോയതായി ഇയാളുടെ ഭാര്യ പള്ളിത്തോട്ടം പോലീസില്‍ പരാതി നല്‍കുന്നത്. അന്വേഷണം നടക്കുന്നതിനിടെ സിബിയോണ്‍ സ്റ്റേഷനില്‍ ഹാജരായി. തട്ടിക്കൊണ്ടുപോയ സംഘത്തെ വെട്ടിച്ച് രക്ഷപ്പെട്ടതാണെന്നും തന്റെ സ്കൂട്ടറും സ്വർണമോതിരവും അവർ കൈക്കലാക്കിയതായും ഇയാള്‍ പോലീസിനോട് പറഞ്ഞു.
അടുത്തദിവസം സിബിയോണിന്റെ സ്കൂട്ടർ കൊല്ലം ക്യു.എ.സി.റോഡില്‍നിന്ന് പോലീസ് കണ്ടെടുത്തു. നഷ്ടമായെന്നാരോപിച്ച മോതിരവും സ്കൂട്ടറിലുണ്ടായിരുന്നു. ഇത് സംശയങ്ങള്ക്കിടവെച്ചു. തുടർന്ന് പോലീസിന്റെയും ഡാൻസാഫ് സംഘത്തിന്റെയും നിരീക്ഷണത്തിലായിരുന്നു സിബിയോണ്‍. അതിനിടെ വെള്ളിയാഴ്ച വൈകീട്ട് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളുടെ വീട്ടില്‍ മിന്നല്‍പ്പരിശോധന നടത്തിയത്.






