വയനാട്: കള്ളാടി മണ്ണിടിച്ചിൽ ദുരന്തവുമായി ബന്ധപ്പെട്ട രക്ഷാപ്രവർത്തനം അഞ്ചാം ദിവസവും തുടരുന്നതിനിടെ മേപ്പാടി ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ പ്രവർത്തിച്ചിരുന്ന ദുരിതാശ്വാസ ക്യാമ്പ് പിരിച്ചുവിട്ടു. ക്യാമ്പിലുണ്ടായിരുന്ന 48 കുടുംബങ്ങളിലെ 129 പേരെ സുരക്ഷിതമായി വീടുകളിലേക്ക് തിരിച്ചയച്ചു.
ദുരന്തമേഖലയിൽ നിന്ന് ഇതുവരെ ഏഴ് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇന്നലെ മീനാക്ഷിപ്പുഴയിൽ നിന്ന് കണ്ടെത്തിയ രതീഷ് ഗുച്ചാദിന്റെ മൃതദേഹം ദുരന്തസ്ഥലത്ത് നിന്ന് ഒന്നര കിലോമീറ്റർ അകലെയായിരുന്നു. കാലാവസ്ഥ അനുകൂലമായതോടെ അഞ്ചാം ദിനത്തിലെ രക്ഷാപ്രവർത്തനം വേഗത്തിലായി.
നാല് സോണുകളായി തിരിച്ചാണ് ദുരന്തമേഖലയിൽ പരിശോധന നടത്തുന്നത്. ഒന്നാം സോണിലും പ്രധാനമായും രണ്ടാം സോണിലുമാണ് തെരച്ചിൽ തുടരുന്നത്. മണ്ണൊലിപ്പിന്റെ ദിശ വിലയിരുത്തിയ ശേഷം, കാണാതായ വിക്രം റാണ രണ്ടാം സോണിലായിരിക്കാമെന്നാണ് ദൗത്യസംഘത്തിന്റെ നിഗമനം.
അതേസമയം, കള്ളാടി ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം അനുവദിച്ചുള്ള സർക്കാർ ഉത്തരവിറങ്ങി. പരുക്കേറ്റവർക്ക് പരമാവധി രണ്ട് ലക്ഷം രൂപ വരെ ധനസഹായം ലഭ്യമാക്കും.
വിദഗ്ധസമിതിയുടെ റിപ്പോർട്ട് ലഭിക്കുന്നതുവരെ തുരങ്ക നിർമാണം നിർത്തിവയ്ക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ദുരന്തത്തിന്റെ യഥാർഥ കാരണം കണ്ടെത്തുക, കരാറുകാർ കരാർ വ്യവസ്ഥകൾ പാലിച്ചോയെന്ന് പരിശോധിക്കുക, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകിയ പരിസ്ഥിതി അനുമതികൾ വിലയിരുത്തുക തുടങ്ങിയ ചുമതലകളാണ് സംസ്ഥാന സർക്കാർ നിയോഗിച്ച അഞ്ചംഗ വിദഗ്ധസമിതിക്കുള്ളത്.






