:കൊച്ചി: ചേരാനല്ലൂർ കണ്ടെയ്നർ റോഡിൽ അഡീഷണൽ ജില്ലാ ജഡ്ജിയുടെ പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച ബെൻസ് കാറിടിച്ച് നിരപരാധി മരിച്ച സംഭവത്തിൽ പ്രതികരണവുമായി മുൻ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ.
കേസിൽ പ്രതിയായ 17-കാരന്റെ പിതാവായ അഡീഷണൽ ജഡ്ജി തന്നെ ഒരു ഘട്ടത്തിലും ഫോണിൽ വിളിക്കുകയോ ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെന്ന് കാളിരാജ് മഹേഷ് കുമാർ വ്യക്തമാക്കി. സ്ഥാനം ഒഴിഞ്ഞ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറ്റൊരു വേദി ഇനി കിട്ടാത്തതുകൊണ്ടാണ് ഇക്കാര്യം പരസ്യമായി തുറന്നുപറയുന്നതെന്നും പ്രതികളുമായി ബന്ധമുള്ള ആരും തന്നെ വിളിച്ച് സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേസ് തുടക്കം മുതൽ വളരെ കൃത്യമായ രീതിയിലാണ് പോലീസ് മുന്നോട്ട് കൊണ്ടുപോയത്. തന്റെ സ്ഥലംമാറ്റത്തിന് ചേരാനല്ലൂർ കേസുമായി യാതൊരു ബന്ധവുമില്ല. സ്ഥലംമാറ്റങ്ങൾ ജോലിയുടെ ഭാഗം മാത്രമാണെന്നും സർക്കാർ ജീവനക്കാരനായതിനാൽ നിർദ്ദേശങ്ങൾ അനുസരിക്കാൻ ബാധ്യസ്ഥനാണെന്നും ചുമതലയൊഴിയുന്നതിൽ തനിക്ക് യാതൊരു സങ്കടവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കേസ് അട്ടിമറിക്കാൻ പ്രതിഭാഗം നടത്തിയ നീക്കങ്ങൾ ഓരോന്നായി പൊളിക്കാൻ അന്വേഷണ സംഘം നടപടികൾ കടുപ്പിച്ചു. അപകടമുണ്ടാക്കിയ 17-കാരന്റെ ഫോണിലെ ഇൻസ്റ്റഗ്രാം അക്കൗണ്ടും ചാറ്റുകളും മറ്റ് വിവരങ്ങളും പൂർണ്ണമായി ഡിലീറ്റ് ചെയ്ത നിലയിലാണ്. അപകടത്തിന് മുൻപും ശേഷവുമുള്ള നിർണ്ണായക തെളിവുകൾ നശിപ്പിക്കാനാണ് ഇത് ചെയ്തതെന്നാണ് പോലീസ് നിഗമനം. ഈ സാഹചര്യത്തിൽ ഫോണിലെ മുഴുവൻ ഡാറ്റയും വീണ്ടെടുക്കുന്നതിനായി ഉപകരണം വിദഗ്ധ ഫോറൻസിക് പരിശോധനയ്ക്ക് അയക്കാൻ പോലീസ് തീരുമാനിച്ചു.
പ്രായപൂർത്തിയാകാത്ത മകന് വാഹനം നൽകിയതിന് ആർ.സി ഉടമയായ അഡീഷണൽ ജില്ലാ ജഡ്ജിക്കെതിരെ മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 199A പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ, മകന് ഡ്രൈവിംഗ് അറിയാമായിരുന്നു എന്ന കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്നും താൻ ഉറങ്ങിക്കിടക്കുമ്പോഴാണ് മകൻ കാറെടുത്തതെന്നുമുള്ള മൊഴിയിൽ തന്നെയാണ് കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിലും ജഡ്ജി ഉറച്ചുനിന്നത്. എന്നാൽ, മുൻപും കൗമാരക്കാരൻ പൊതുനിരത്തിൽ കാറോടിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ, പഴയ സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും ശേഖരിച്ച് ജഡ്ജിയുടെ വാദം പൂർണ്ണമായും പൊളിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.






