കൊച്ചി: കളമശ്ശേരി സ്പാ കൂട്ടബലാത്സംഗ കേസില്‍ മജിസ്ട്രേറ്റ് ഇന്ന് യുവതിയുടെ മൊഴി രേഖപ്പെടുത്തും. പൊലീസ് ഇന്നലെ രാത്രി യുവതിയുടെ മൊഴി എടുത്തിരുന്നു.
സംഭവത്തില്‍ രണ്ട് പേർ കൂടി പിടിയിലാവാൻ ഉണ്ട്. രണ്ടു പേരുടെ വിവരങ്ങളും അതിജീവിത പൊലീസിനോട് പറഞ്ഞിട്ടുണ്ട്. അന്വേഷണം ശരിയായി നടക്കുന്നുണ്ടെന്ന് യുവതിയുടെ ഭർത്താവ് പറഞ്ഞു.
എം ഡി എം എ ഉള്‍പ്പെടെ ലഹരി ശരീരത്തിനകത്തേക്ക് എത്തിയിട്ടുണ്ട്. ലഹരി വസ്തുക്കള്‍ വെള്ളത്തില്‍ കലർത്തി കുടിപ്പിച്ചു. പ്രതി ശ്രീരാജിന്റെ ഭാര്യയും സഹോദരിയും കാണാൻ വന്നിരുന്നു. എന്നാല്‍ അന്വേഷണവുമായി മുന്നോട്ടു പോവുക തന്നെ ചെയ്യും എന്ന് യുവതിയുടെ ഭർത്താവ് പറഞ്ഞു. പണം വാങ്ങി കേസില്‍ നിന്ന് പിന്മാറുന്നു എന്ന തരത്തില്‍ തെറ്റിദ്ധാരണ പരത്തുന്ന വാർത്തകള്‍ പ്രചരിപ്പിക്കരുതെന്നും ഭർത്താവ് അഭ്യർത്ഥിച്ചു. ഇനി ഒരാള്‍ക്കും ഈ അവസ്ഥ വരരുതെന്നും യുവതിയുടെ ഭർത്താവ് പറഞ്ഞു.
ആക്രമണം നേരിട്ട യുവതി അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു. പ്രതികള്‍ക്ക് ഗുണ്ടാ ബന്ധം ഉണ്ടോയെന്ന് പരിശോധിക്കും. സ്പാ ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് കർശനമാക്കുന്നതും പൊലീസിന്റെ പരിഗണനയിലുണ്ട്. ഒക്ടോബർ രണ്ടിനാണ് കൊച്ചിയെ ഞെട്ടിച്ച സംഭവം നടന്നത്. സ്പായിലെ ജോലിക്കായുള്ള ഇന്റർവ്യൂവിന്റെ പേരില്‍ വിളിച്ചു വരുത്തിയാണ് യുവതിയെ കൂട്ട ബലാത്സംഗം ചെയ്തത്. പത്തടിപ്പാലത്തെ സ്പായില്‍ മാനേജരായി അവസരമുണ്ടെന്ന് പ്രതികള്‍ ഓണ്‍ലൈനില്‍ പരസ്യം ചെയ്തിരുന്നു. ഈ ജോലിക്കായി യുവതിയും അപേക്ഷിച്ചു. രണ്ടാം തീയതി അഭിമുഖത്തിനെത്തി. ജോലി ലഭിച്ചെന്ന് പറഞ്ഞ് പ്രതികള്‍ യുവതിയെ വീണ്ടും വിളിച്ചു വരുത്തുകയായിരുന്നു. സ്പായിലെത്തിയ യുവതിയെ മറ്റൊരു യുവതി അടക്കമുള്ള പ്രതികള്‍ അതിക്രൂരമായി പീഡിപ്പിച്ചു. അടുത്ത ദിവസമാണ് യുവതിക്ക് ഇവിടെ നിന്നും പുറത്തിറങ്ങാനായത്. തുടർന്ന് ചികിത്സ തേടുകയും പൊലീസിനെ അറിയിക്കുകയും ചെയ്തു. കേസില്‍ ഒന്നാം പ്രതി ശ്രീരാജ്, മൂന്നാം പ്രതി ജിത്ത് മാർട്ടിൻ എന്നിവരെ ആദ്യം അറസ്റ്റ് ചെയ്തു. ഒളിവിലായിരുന്ന രണ്ടാം പ്രതി അമ്മു എന്ന ശരണ്യയെയും നാലാം പ്രതി ജിതിനെയും വയനാട്ടിലെ പുല്‍പ്പള്ളിയില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.






