തിരുവനന്തപുരം: കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർഥികള്‍ പരീക്ഷ എഴുതണം എന്നാണ് ആഗ്രഹമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍ പറഞ്ഞു.
സമരം ജനാധിപത്യത്തിന്റെ ഭാഗമാണ് എന്നാല്‍ അതിന്റെ പേരില്‍ നടത്തുന്ന അക്രമണങ്ങളെ അംഗീകരിക്കാൻ കഴിയില്ല. അതിനോട് യോജിപ്പില്ല. സുപ്രീംകോടതി വിധി എന്തായാലും പാലിക്കും . മാപ്പ് എഴുതി നല്‍കണം എന്നത് സർവകലാശാല അച്ചടക്കത്തിന്റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം, കാലടി സർവകലാശാലയില്‍ സസ്പെൻഷൻ നേരിട്ട വിദ്യാർഥികള്‍ സുപ്രീംകോടതിയില്‍ നല്കിയ ഹർജി നാളെ പരിഗണിക്കും. പരീക്ഷ എഴുതാൻ കഴിയില്ലെന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെ തുടർന്നാണ് വിദ്യാർഥികള്‍ സുപ്രീംകോടതിയെ സമീപിച്ചത്. കോടതിയില്‍ നല്‍കിയിരിക്കുന്ന ഹാജർ നില തെറ്റാണെന്നും സസ്പെൻഷൻ കാലയളവ് ഉള്‍പ്പെടെ കാണിച്ചുകൊണ്ടാണ് ഹാജർ നില നല്‍കിയിരിക്കുന്നത് എന്നടക്കം വിദ്യാർഥികള്‍ നല്‍കിയിരിക്കുന്ന ഹർജിയില്‍ പറയുന്നു.
സസ്പെൻഷന് മുൻപ് പല വിദ്യാർഥികള്‍ക്കും 90% ത്തിന് മുകളില്‍ ഹാജർ ഉണ്ടായിരുന്നുവെന്നും വിദ്യാർഥികള്‍ പറഞ്ഞു. ഇതടക്കം പരിശോധിച്ചു കൊണ്ട് ഹർജി നാളെ സുപ്രീംകോടതി പരിഗണിക്കും. വിദ്യാർഥികള്‍ അവകാശപ്പെടുന്ന യോഗ്യതകള്‍ ഉണ്ടെങ്കില്‍ വീണ്ടും പരീക്ഷ നടത്താൻ നിർദേശിക്കും എന്നും സുപ്രീംകോടതി വ്യക്തമാക്കി. തങ്ങള്‍ക്ക് പരീക്ഷയെഴുതാൻ കഴിയുമെന്നാണ് വിശ്വാസം എന്നും സുപ്രീംകോടതിയാണ് ഇനി ആകെയുള്ള പ്രതീക്ഷ എന്നും വിദ്യാർഥികള്‍ പറഞ്ഞു.
വിദ്യാർഥികള്‍ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കറുത്ത ബാഡ്ജ് ധരിച്ചു കൊണ്ടാണ് മറ്റു വിദ്യാർഥികള്‍ പരീക്ഷ എഴുതാൻ എത്തിയത്. സസ്പെൻഷനിലുള്ള 16 വിദ്യാർഥികളില്‍ 10 വിദ്യാർഥികള്‍ക്കാണ് പരീക്ഷയുള്ളത്. ഇതില്‍ 7 വിദ്യാർഥികളുടെ പരീക്ഷയാണ് ഇന്ന് നടക്കുന്നത്.






