കാലടി: എംസി റോഡിലെ കാലടി ശ്രീശങ്കരപാലത്തില്‍ അടിയന്തര അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനാല്‍ പാലത്തിലൂടെയുള്ള ഗതാഗതത്തിന് പൂർണ്ണ നിരോധനം ഏർപ്പെടുത്തി.
ജൂലൈ 23, 24, 25 (വ്യാഴം, വെള്ളി, ശനി) തീയതികളില്‍ രാത്രി 10:00 മണി മുതല്‍ രാവിലെ 06:00 മണി വരെയാണ് നിയന്ത്രണമെന്ന് അധികൃതർ അറിയിച്ചു.
ഈ സമയങ്ങളില്‍ പാലത്തിലൂടെ വാഹനങ്ങള്‍ കടത്തിവിടില്ല. യാത്രാതടസ്സം ഒഴിവാക്കാൻ പൊതുജനങ്ങള്‍ താഴെ പറയുന്ന ബദല്‍ മാർഗ്ഗങ്ങള്‍ സ്വീകരിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.
ബദല്‍ യാത്രാമാർഗ്ഗങ്ങള്‍
അങ്കമാലി - പെരുമ്പാവൂർ റൂട്ട്:
അങ്കമാലി ഭാഗത്തുനിന്ന് എംസി റോഡ് വഴി പോകേണ്ട കെഎസ്ആർടിസി ബസ്സുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വാഹനങ്ങളും ആലുവ വഴി തിരിഞ്ഞ് പെരുമ്പാവൂരിലെത്തി യാത്ര തുടരേണ്ടതാണ്. പെരുമ്പാവൂരില്‍ നിന്ന് അങ്കമാലി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങളും ഇതേ റൂട്ട് ഉപയോഗിക്കണം.
കോതമംഗലം ഭാഗത്തേക്ക് പോകുന്നവർ:
അങ്കമാലി ഭാഗത്തുനിന്ന് കോതമംഗലം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ മലയാറ്റൂർ - കോടനാട് പാലം കടന്ന് കുറപ്പമ്പടി വഴി പോകേണ്ടതാണ്.
എയർപോർട്ടിലേക്ക് പോകുന്ന ചെറുവാഹനങ്ങള്‍:
മൂവാറ്റുപുഴ, പെരുമ്പാവൂർ ഭാഗങ്ങളില്‍ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുന്ന ചെറുവാഹനങ്ങള്‍ വല്ലാം ജങ്ഷനില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് വല്ലാം - പാനൂർക്കടവ് - ശ്രീമൂലനഗരം - കാഞ്ഞൂർ വഴി എയർപോർട്ടില്‍ പ്രവേശിക്കേണ്ടതാണ്. രാത്രികാലങ്ങളില്‍ ഈ വഴി യാത്ര ചെയ്യുന്നവർ നിർദ്ദേശിച്ചിരിക്കുന്ന ബദല്‍ റോഡുകള്‍ ഉപയോഗിച്ച് സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.






