തിരുവനന്തപുരം: കൈക്കൂലി ആരോപണ വിധേയനായ തിരുവനന്തപുരം കോർപ്പറേഷനിലെ തൃക്കണ്ണാപുരം വാർഡിലെ സിപിഎം കൗണ്സിലർ അജിന്റെ വീട്ടില് വിജിലൻസ് റെയ്ഡ്.
ഭൂമി തരംമാറ്റാനും പുറമ്പോക്ക് ഭൂമി അനധികൃതമായി രജിസ്റ്റർ ചെയ്തുനല്കാനും പത്തു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുന്ന അജിന്റെ വിഡിയോ നേരത്തേ പുറത്തുവന്നിരുന്നു. സംഭവം വൻ വിവാദമായിരുന്നു. അജിൻ കൈക്കൂലി ആവശ്യപ്പെടുന്നതിന്റെയും ഭീഷണിപ്പെടുത്തുന്നതിന്റെയും വീഡിയോയും ഫോണ് സംഭാഷണവും സഞ്ജു എന്നയാളാണ് പുറത്തുവിട്ടത്.
തൃക്കണ്ണാപുരം വാർഡിലെ എംഎല്എ റോഡിനോട് ചേർന്ന് വാങ്ങിയ 19 സെന്റ് ഭൂമി പ്ലോട്ടുകളാക്കി തിരിച്ച് വില്പ്പന നടത്തുകയായിരുന്നു സഞ്ജു. ആദ്യത്തെ രണ്ട് പ്ലോട്ട് വിറ്റതിന് പിന്നാലെ കൗണ്സിലർ അജിൻ ഇക്കാര്യത്തില് ഇടപെടുകയായിരുന്നുവെന്നാണ് സഞ്ജു പറഞ്ഞത്. ഭൂമിയില് പുറമ്പോക്ക് ഉണ്ടെന്നും അത് തരംമാറ്റി വില്ക്കാൻ സഹായിക്കാമെന്നും പറഞ്ഞ് കൗണ്സിലർ 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് പരാതിയില് പറയുന്നത്.
ചില പ്രാദേശിക നേതാക്കള് വീട്ടിലെത്തി അജിനെ പിണക്കുന്നത് ദോഷം ചെയ്യുമെന്നും അഞ്ചുലക്ഷം രൂപ നല്കി പ്രശ്നം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടതായും സഞ്ജു ആരോപിച്ചു. തുടർന്ന് രാത്രി വരാൻ പറഞ്ഞതുപ്രകാരം അജിനെ കാണാൻ പോയി. ഈ സമയത്താണ് മൊബൈല് ഫോണില് വീഡിയോ പകർത്തിയതെന്നുമാണ് സഞ്ജു ആരോപിച്ചത്.
ഭൂമി വില്ക്കുമ്പോള് വലിയ തുക ലഭിക്കുമെന്നും അതില് നിന്ന് ഒരു വിഹിതം തനിക്ക് നല്കണമെന്നും അജിൻ ആവശ്യപ്പെട്ടിരുന്നു. ഇല്ലാത്തപക്ഷം ഡിവൈഎഫ്ഐക്കാരെകൊണ്ട് വസ്തുവില് കൊടികുത്തിക്കുമെന്ന് കൗണ്സിലർ ഭീഷണിപ്പെടുത്തിയതായും സഞ്ജു പറഞ്ഞു. അജിൻ കൈക്കൂലി ആവശ്യപ്പെടുന്ന ദൃശ്യവും ഭീഷണിപ്പെടുത്തുന്ന ഫോണ് സംഭാഷണവും പുറത്തുവന്നതോടെ സിപിഎം കടുത്ത പ്രതിരോധത്തിലായിരുന്നു. അതിനിടയിലാണ് റെയ്ഡ്.






