എറണാകുളം: കായനാട് ശൂലം വെള്ളച്ചാട്ടത്തിന് സമീപം വീണ്ടും വൻ മണ്ണിടിച്ചിൽ. തുടർച്ചയായ മണ്ണിടിച്ചിലിൽ പ്രദേശവാസികൾ കടുത്ത ഭീതിയിൽ.
മാറാടി പഞ്ചായത്തിലെ കായനാട് 14-ാം വാർഡിൽ ഉപയോഗശൂന്യമായി കിടക്കുന്ന പാറമടയിലേക്കാണ് കൂറ്റൻ മൺകൂന ഇടിഞ്ഞുവീണത്. ഇതോടെ പാറമടയിലെ വെള്ളം കരകവിഞ്ഞൊഴുകി സമീപത്തെ വീടുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളവും ചെളിയും കയറി.
കഴിഞ്ഞ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ഇതേ പ്രദേശത്ത് ശക്തമായ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ റവന്യൂ, ജിയോളജി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയും അപകടഭീഷണി ഒഴിവാക്കാൻ പാറമട അടിയന്തരമായി നികത്തണമെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു.
എന്നാൽ പരിശോധനയ്ക്ക് പിന്നാലെ വീണ്ടും ഉഗ്രശബ്ദത്തോടെ മണ്ണിടിഞ്ഞുവീണത് നാട്ടുകാരെ പരിഭ്രാന്തരാക്കി. പന്നിഫാമിലേക്കും സമീപത്തെ വീടുകളിലേക്കും വെള്ളവും ചെളിയും കയറി. വളർത്തുമൃഗങ്ങളെയും കന്നുകാലികളെയും മാറ്റാനും ഏറെ ബുദ്ധിമുട്ടുണ്ടായി.
മഴ ശക്തമായാൽ കൂടുതൽ മണ്ണിടിച്ചിലുണ്ടാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ. പാറമട അടയ്ക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി ആരംഭിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.






