മലപ്പുറം: തിരൂരങ്ങാടി ചെറുമുക്കില്‍ പതിമൂന്നുകാരൻ ജുനൈദ് ഷോക്കേറ്റ് മരിച്ചതില്‍ കെ എസ് ഇ ബിക്കെതിരെ പ്രതിഷേധം ശക്തമായതിന് പിന്നാലെ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് അന്വേഷണത്തിന് ഉത്തരവിട്ടു.
വീടിന് സമീപത്തെ വയലിലാണ് ജുനൈദിന്റെ ജീവനെടുത്ത അപകടമുണ്ടായത്. ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് അപകടത്തിന് കാരണമെന്നാണ് കുടുംബത്തിന്റെയും നാട്ടുകാരുടെയും ആരോപണം.
വീടിന് സമീപത്തെ വയലിന്റെ ഭാഗത്തുള്ള വൈദ്യുത പോസ്റ്റിലെ സ്റ്റേ കമ്പിയില്‍ തൊട്ട ഉടൻ തന്നെ കുട്ടിക്ക് ഷോക്കേല്‍ക്കുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രദേശത്ത് ഷോക്കേല്ക്കാനുള്ള സാധ്യത സംബന്ധിച്ച് നേരത്തെ പരാതി ഉയർന്നിരുന്നു. സ്ഥലത്ത് എത്തിയ നാട്ടുകാരും കെ എസ് ഇ ബി ഉദ്യോഗസ്ഥരും തമ്മില്‍ തർക്കമുണ്ടായി.
സംഭവമറിഞ്ഞ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് അനുശോചനം അറിയിക്കുകയും അന്വേഷണം പ്രഖ്യാപിക്കുകയുമായിരുന്നു. സംഭവത്തെക്കുറിച്ച് അടിയന്തരമായി അന്വേഷിച്ചു വസ്തുതാ റിപ്പോർട്ട് നല്‍കുന്നതിനായി തിരൂരങ്ങാടി ഡെപ്യൂട്ടി സി ഇ യോട് മന്ത്രി ആവശ്യപ്പെട്ടു.






