തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പിലേക്ക് മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് തസ്തികയില്‍ നിയമനം നടത്തുന്നു. പിഎസ്സി വഴിയാണ് നിയമനം നടത്തുന്നത്.
നിലവില്‍ ഒരു ഒഴിവ് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. താല്പര്യവും നിശ്ചിത യോഗ്യതയും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഡിസംബര്‍ 16 വരെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. നേരിട്ടുള്ള നിയമനമായിരിക്കും. റാങ്ക് ലിസ്റ്റിന് കുറഞ്ഞത് 1 വര്‍ഷവും പരമാവധി 3 വര്‍ഷവും വരെ കാലാവധിയുണ്ടാകും
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 35700 രൂപ മുതല്‍ 75600 രൂപ വരെ ശമ്പളമുണ്ടാകും. അപേക്ഷകരുടെ പ്രായപരിധി 18 നും 40 നും ഇടയിലായിരിക്കണം. 02.01.1986-നും 01.01.2008-നും ഇടയില്‍ ജനിച്ചവര്‍ക്ക് (ഈ തീയതികള്‍ ഉള്‍പ്പെടെ) അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. ഒബിസി, എസ്സി, എസ്ടി വിഭാഗങ്ങളില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് സാധാരണയായി അനുവദിക്കുന്ന പ്രായപരിധി ഇളവ് ലഭിക്കുന്നതാണ്.
കെടിഡിസിയില്‍ താല്ക്കാലികാടിസ്ഥാനത്തില് ജോലി ചെയ്യുന്നവര്‍ക്ക്, അവര്‍ ജോലി ചെയ്ത കാലയളവിന് തുല്യമായ പ്രായപരിധി ഇളവ് ലഭിക്കും. എന്നാല്‍, ഉയര്‍ന്ന പ്രായപരിധിയില്‍ നിന്ന് പരമാവധി 5 വര്‍ഷം വരെ മാത്രമേ ഈ ഇളവ് അനുവദിക്കൂ. അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ സ്ഥാപനത്തില്‍ നിന്നോ മാര്‍ക്കറ്റിംഗില്‍ സ്പെഷ്യലൈസേഷനോട് കൂടിയ എംബിഎ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ എംബിഎയും ഒപ്പം അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള മാര്‍ക്കറ്റിംഗിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയും. KS&SSR പാര്‍ട്ട് II, റൂള്‍ 10(a)ii പ്രകാരവും, സര്‍ക്കാര്‍/കമ്മീഷന് ഉത്തരവുകള്‍ പ്രകാരവും തുല്യമായതോ ഉയര്‍ന്നതോ ആയ യോഗ്യതകളും പരിഗണിക്കുന്നതാണ്. ഈ റിക്രൂട്ട്മെന്റിന് അപേക്ഷാ ഫീസ് ഇല്ല. പബ്ലിക് സര്‍വീസ് കമ്മീഷന് വഴിയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
ഇതില്‍ എഴുത്തുപരീക്ഷ/OMR പരീക്ഷ/ഓണ്‍ലൈന്‍ പരീക്ഷ (നടത്തുകയാണെങ്കില്‍), ഛഠഞ പ്രൊഫൈല്‍ വഴി പരീക്ഷാ ഹാജര്‍ സ്ഥിരീകരിക്കല്‍, രേഖകള്‍/സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കല്‍, റാങ്ക് ലിസ്റ്റില്‍ നിന്നുള്ള നിയമന ശുപാര്‍ശ എന്നിവ ഉള്‍പ്പെടുന്നു. നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് അപ്ലോഡ് ചെയ്യുന്ന ഫോട്ടോ, അപ്ലോഡ് ചെയ്ത തീയതി മുതല്‍ 10 വര്‍ഷത്തേക്ക് സാധുവായിരിക്കും.
പുതിയ പ്രൊഫൈല്‍ സൃഷ്ടിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍, കഴിഞ്ഞ 6 മാസത്തിനുള്ളില്‍ എടുത്ത ഫോട്ടോ വേണം അപ്ലോഡ് ചെയ്യാന്‍. ഫോട്ടോ അപ്ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട മറ്റ് നിര്‍ദ്ദേശങ്ങളില്‍ മാറ്റമൊന്നുമില്ല. വ്യക്തിഗത വിവരങ്ങളുടെ കൃത്യതയ്ക്കും പാസ്വേഡിന്റെ രഹസ്യസ്വഭാവം സൂക്ഷിക്കുന്നതിനും ഉദ്യോഗാര്‍ത്ഥികള്‍ തന്നെയാണ് ഉത്തരവാദികള്‍. പ്രൊഫൈലില്‍ അപേക്ഷ അന്തിമമായി സമര്‍പ്പിക്കുന്നതിന് മുന്‍പ്, അതിലെ വിവരങ്ങള്‍ കൃത്യമാണെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ഉറപ്പുവരുത്തണം.
കമ്മീഷനുമായുള്ള തുടര്‍ ആശയവിനിമയങ്ങള്‍ക്ക് ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ യൂസര്‍ ഐഡി ഉപയോഗിക്കേണ്ടതാണ്. സമര്‍പ്പിക്കുന്ന അപേക്ഷ താല്ക്കാലികമാണ്, ഒരിക്കല്‍ സമര്‍പ്പിച്ചാല്‍ അത് നീക്കം ചെയ്യാനോ മാറ്റം വരുത്താനോ സാധിക്കില്ല. ഭാവി ആവശ്യങ്ങള്‍ക്കായി ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ് ഔട്ടോ സോഫ്റ്റ് കോപ്പിയോ സൂക്ഷിച്ചുവെക്കാന്‍ ഉദ്യോഗാര്‍ത്ഥികള്‍ ശ്രദ്ധിക്കുക.
വിശദവിവരങ്ങള്‍ക്ക് കേരള പിഎസ്സിയുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.keralapsc.gov.in സന്ദര്‍ശിക്കാവുന്നതാണ്.






