ഡൽഹി: .വിമാനത്തിന് ചിറകുകളില്ല, ഹെലികോപ്റ്ററിനെപ്പോലെ പുറത്തേക്ക് തള്ളിനില്ക്കുന്ന പ്രൊപ്പല്ലറുകളുമില്ല. എന്നിട്ടും അനായാസം പറന്നുയരുകയും വായുവില്‍ നിശ്ചലമായി നില്‍ക്കുകയും നിലത്തിറങ്ങുകയും ചെയ്യുന്ന വാഹനം.
ചൈന വികസിപ്പിച്ച പുതിയ തരം ഫ്ലൈയിങ് കാറിന്റെ ആദ്യ പരീക്ഷണപ്പറക്കലാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. പരമ്പരാഗത വിമാനങ്ങളില്‍നിന്ന് വ്യത്യസ്തമായ രൂപകല്പനയിലുള്ള വാഹനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഭാവിയിലെ ഗതാഗത സംവിധാനങ്ങളെക്കുറിച്ചുള്ള ചർച്ചകളും സജീവമായി.
ചൈനയിലെ ഷെൻഷെൻ ആസ്ഥാനമായുള്ള സോങ്ഫെയ് ചുവാങ്ഷി മാനുഫാക്ചറിങ് കമ്പനിയാണ് വാഹനം വികസിപ്പിച്ചത്. നവംബർ 21-ന് ഹുനാൻ പ്രവിശ്യയിലെ ചാങ്ഷയിലുള്ള കൈഹുയി ജനറല്‍ ഏവിയേഷൻ വിമാനത്താവളത്തിലായിരുന്നു ആദ്യ പരീക്ഷണപ്പറക്കല്‍. വാഹനത്തിനുള്ളില്‍ ഘടിപ്പിച്ചിട്ടുള്ള ദിശ മാറ്റാൻ കഴിയുന്ന പ്രത്യേക ഫാനുകളാണ് പറക്കലിന് ആവശ്യമായ ശക്തി നല്‍കുന്നത്. റണ്‍വേയുടെ സഹായമില്ലാതെ ലംബമായി പറന്നുയരാനും അതേ രീതിയില്‍ തിരിച്ചിറങ്ങാനും വായുവില്‍ ഒരിടത്ത് നിശ്ചലമായി നില്‍ക്കാനും ഇതിന് സാധിക്കും. നിലത്തിറങ്ങിയാല്‍ ചക്രങ്ങളുടെ സഹായത്തോടെ റോഡിലൂടെയും സഞ്ചരിക്കാനാകും.
ഒരാള്‍ക്ക് യാത്ര ചെയ്യാവുന്ന രീതിയിലുള്ള പ്രോട്ടോടൈപ്പിന്റെ പരമാവധി പറക്കല്‍ വേഗം മണിക്കൂറില്‍ 150 കിലോമീറ്ററാണ്. റോഡിലൂടെയുള്ള പരമാവധി വേഗം മണിക്കൂറില്‍ 80 കിലോമീറ്ററും. ഒറ്റത്തവണ ചാർജ് അല്ലെങ്കില്‍ ഇന്ധന സംവിധാനത്തിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കിയിട്ടില്ലെങ്കിലും 2.5 മണിക്കൂർ വരെ പറക്കാനും 300 കിലോമീറ്റർ ദൂരം പിന്നിടാനും കഴിയുമെന്നാണ് കമ്പനി പുറത്തുവിട്ട കണക്കുകള്‍. പരമാവധി 120 കിലോഗ്രാം വരെ ഭാരം വഹിക്കാനും 3,000 മീറ്റർ ഉയരത്തില്‍ പറക്കാനും വാഹനത്തിന് ശേഷിയുണ്ടെന്നാണ് റിപ്പോർട്ട്. നിലവില്‍ പരീക്ഷണഘട്ടത്തിലുള്ള ഈ സാങ്കേതികവിദ്യ കൂടുതല്‍ വികസിപ്പിക്കാനാണ് കമ്പനിയുടെ നീക്കം.
ഒരാള്‍ക്ക് യാത്ര ചെയ്യാവുന്ന മാതൃകയ്ക്ക് പിന്നാലെ രണ്ട് മുതല്‍ നാല് പേർക്ക് സഞ്ചരിക്കാവുന്നതും ആറ് മുതല്‍ എട്ട് പേർക്ക് യാത്ര ചെയ്യാവുന്നതുമായ വലിയ മോഡലുകളും വികസിപ്പിക്കാൻ പദ്ധതിയുണ്ട്. 12 മുതല്‍ 15 പേർക്ക് വരെ സഞ്ചരിക്കാവുന്ന വാഹനത്തിന്റെ രൂപകല്പനയും പരിഗണനയിലുണ്ട്. അടിയന്തര രക്ഷാപ്രവർത്തനം, മെഡിക്കല്‍ സേവനങ്ങള്‍, അഗ്നിരക്ഷാ പ്രവർത്തനങ്ങള്‍, ചരക്കുനീക്കം തുടങ്ങിയ മേഖലകളില്‍ ഇത്തരം വാഹനങ്ങള്‍ പ്രയോജനപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷ. എന്നാല്‍ വാണിജ്യാടിസ്ഥാനത്തിലുള്ള ഉപയോഗത്തിനും വ്യോമയാന സുരക്ഷാ അനുമതികള്‍ക്കും ഇനിയും നടപടികള്‍ പൂർത്തിയാകേണ്ടതുണ്ട്.






