കൊച്ചി: മുസ്ലീം ലീഗും കോണ്‍ഗ്രസും സിബിഐയും ചേര്‍ന്ന് തനിക്കെതിരെ ഗൂഢാലോചന വകുപ്പ് ചേര്‍ത്തുവെന്ന് സിപിഐഎം നേതാവ് പി ജയരാജന്.
ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സിപിഎമ്മിന്അവമതിപ്പുണ്ടാക്കാനായിരുന്നു നീക്കം.
കള്ളക്കേസില്‍ കുടുക്കിയതിന് മുസ്ലിംലീഗ് നേതൃത്വം മാപ്പ് പറയണമെന്ന് പി ജയരാജന് പറഞ്ഞു.
സംഭവം പി ജയരാജന് വിശദീകരിക്കുന്നത് ഇങ്ങനെ. 2012 ഫെബ്രുവരി മാസം 19ാം തിയതി മുതല്‍ പട്ടുവം പഞ്ചായത്തിലെ അരിയില്‍ പ്രദേശത്ത് ലീഗ് ഗുണ്ടകളുടെ ആക്രമണങ്ങള്‍ തുടര്‍ച്ചയായി നടന്നു കൊണ്ടിരിക്കുകയായിരുന്നു.
സിപിഐഎമ്മിന്റെ ഓഫീസ് തന്നെ പച്ച പെയ്ന്റ് അടിച്ച് വികൃതമാക്കുന്നത് ഉള്‍പ്പടെ നടന്നു.
നമ്മുടെ നാട്ടില്‍ മറ്റിടത്ത് കേള്‍ക്കാത്ത നിലയിലുള്ള അക്രമ സംഭവങ്ങളാണ് ലീഗിലെ ഒരുപറ്റം തീവ്രവാദി സംഘം അരിയില്‍ പ്രദേശത്ത് നടത്തിയിരുന്നത്.
അക്രമിക്കപ്പെട്ട വീടുകളും സാംസ്കാരിക സ്ഥാപനങ്ങളും കാണുന്നതിന് വേണ്ടിയാണ് അന്നത്തെ അവിടുത്തെ എംഎല്‍എ ടിവി രാജേഷിനൊപ്പം സിപിഐഎമ്മിന്റെ
ജില്ലാ സെക്രട്ടറി എന്ന നിലയില്‍ ഞാനും പോകുന്നത്. ഞങ്ങളവിടെ 11.45ഓടെയാണ് എത്തിയത്.
തൊട്ടടുത്ത് ലീഗിന്റെ ഓഫീസ്. അവിടെ വച്ചാണ് ഞങ്ങളുടെ വാഹനം ആക്രമിച്ചത്.
ഞങ്ങള്‍ക്ക് പരുക്ക് പറ്റി. വാഹനത്തിന് കേടുപാട് സംഭവിച്ചു. കൈരളിയുടെയും ദേശാഭിമാനിയുടെയും മാധ്യമ പ്രതിനിധികള്‍ക്കും പരുക്ക് പറ്റി.
ഞങ്ങള്‍ അവിടെ നിന്ന് രക്ഷപ്പെട്ട് തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലെത്തി.
പൊലീസിന്റെ സഹായത്തോടെയാണ് തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പോകുന്നത്.
ആശുപത്രിയില്‍ കിടക്കുന്ന അവസരത്തിലാണ് ഈ കേസിനാസ്പദമായ ദൗര്‍ഭാഗ്യകരമായ സംഭവമുണ്ടായത് – പി ജയരാജന് വ്യക്തമാക്കി.






