ഡൽഹി: രാമായണം' സിനിമയ്ക്കെതിരെ ബഹിഷ്കരണ ആഹ്വാനവുമായി ഹിന്ദു ജനജാഗ്രതി സമിതി. ഒന്നാം ഭാഗം പോലെയാണ് രണ്ടാം ഭാഗവും എങ്കില്‍ രാജ്യവ്യാപക പ്രതിഷേധം ഉണ്ടാകുമെന്നും അണിയറക്കാർക്ക് മുന്നറിയിപ്പ്.
തിയേറ്ററുകളില്‍ വലിയ കളക്ഷൻ നേടി ഓടിക്കൊണ്ടിരിക്കുന്ന 'രാമായണം' സിനിമയ്ക്കും അതിന്റെ അണിയറപ്രവർത്തകർക്കുമെതിരെ കടുത്ത എതിർപ്പും ഹിന്ദു ജനജാഗ്രതി സമിതി രേഖപ്പെടുത്തി.
വാല്മീകിയുടെ ഇതിഹാസത്തെ സിനിമ വികൃതമാക്കിയെന്നാണ് ഇവരുടെ പ്രധാന ആരോപണം. രാവണനെ സിനിമ മഹത്വവല്‍ക്കരിച്ചെന്നും ശ്രീരാമനെയും ലക്ഷ്മണനെയും പരമ്പരാഗത ചിത്രീകരണങ്ങള്‍ക്ക് വിരുദ്ധമായി കാണിച്ചെന്നും എച്ച്.ജെ.എസ് ഗോവ കോഓർഡിനേറ്റർ മനോജ് സോളങ്കി പറയുന്നു. രാമായണം 'കമ്മ്യൂണിസ്റ്റ് അജണ്ട' പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇയാള്‍ പറഞ്ഞു.
ഹിന്ദുക്കള്‍ സിനിമ കാണരുതെന്ന് ആഹ്വാനം ചെയ്ത ഹിന്ദു ജനജാഗ്രതി സമിതി, രണ്ടാം ഭാഗത്തിലും സമാനമായ വികൃതമാക്കലുകള് തുടർന്നാല്‍ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും അറിയിച്ചു. സെൻട്രല്‍ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ സിനിമയുടെ മതപരമായ വശങ്ങള് വേണ്ടത്ര പരിശോധിച്ചില്ല. ഭാവിയില്‍ ഇതിഹാസങ്ങള്‍ ആസ്പദമാക്കിയുള്ള സിനിമകള്‍ക്ക് അനുമതി നല്‍കുന്നതിന് മുൻപ് പണ്ഡിതന്മാരുമായി ആലോചിക്കണം. രാമായണത്തിന്റെ രണ്ടാം ഭാഗം റിലീസ് ചെയ്യുന്നതിന് മുൻപ് ഹിന്ദു മതനേതാക്കള്‍ക്കും പണ്ഡിതന്മാർക്കും കാണിച്ചുകൊടുക്കണമെന്നും മനോജ് സോളങ്കി ആവശ്യപ്പെട്ടു. മറിച്ചായാല്‍ തെരുവിലിറങ്ങി ശക്തമായി പ്രതിഷേധിക്കുമെന്നും ഇയാള്‍ ഭീഷണി മുഴക്കി.
നിതീഷ് തിവാരിയുടെ സംവിധാനത്തില്‍ നവംബർ 5നാണ് 'രാമായണം: റൈസ് ഓഫ് എ ലെജൻഡ്' വിവിധ ഭാഷകളിലായി പുറത്തിറങ്ങിയത്. രണ്‍ബീർ കപൂർ ശ്രീരാമനായി എത്തിയപ്പോള്‍ സായി പല്ലവി സീതയെയും യാഷ് രാവണനെയും രവി ദുബെ ലക്ഷ്മണനെയും അവതരിപ്പിച്ചു. എന്നാല്‍ സിനിമയിലെ പല രംഗങ്ങളും ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്നു എന്നാണ് ഹിന്ദു ജനജാഗ്രതി സമിതി പറയുന്നത്.രാവണൻ, ശൂർപ്പണഖ, ലക്ഷ്മണൻ, ശ്രീരാമൻ, സീത എന്നിവരുടെ ചിത്രീകരണ രീതിയാണ് ഇവരെ ചൊടിപ്പിച്ചത്.
രാക്ഷസരാജാവിന് പകരം, അടിച്ചമർത്തപ്പെട്ടവരെ സംരക്ഷിക്കുന്നവനായും പാവപ്പെട്ടവർക്ക് സ്വർണ്ണ വീടുകള്‍ നല്കുന്ന സാമൂഹിക നീതിയുടെ നായകനായും രാവണനെ അവതരിപ്പിച്ചത് തെറ്റാണെന്നാണ് ഇവരുടെ പക്ഷം. രാവണനെ സ്ത്രീകളുടെ അന്തസ്സ് സംരക്ഷിക്കുന്നവനായി ചിത്രീകരിച്ചത് ശരിയല്ലെന്നും ഇവർ പറയുന്നു. ശൂർപ്പണഖയുടെ മൂക്ക് ചെത്തിയ ലക്ഷ്മണനെ സീത ശാസിക്കുന്നതും ഖര-ദൂഷണ രാക്ഷസന്മാരോട് ശ്രീരാമൻ ക്ഷമാപണം നടത്തുന്നതും ശരിയായില്ലെന്ന് പറഞ്ഞ ഹിന്ദു സംഘടന രാവണൻ തട്ടിയെടുക്കുമ്പോള്‍ സീത യാതൊരു എതിർപ്പും പ്രകടിപ്പിക്കാത്തതിനെയും ചോദ്യം ചെയ്തു.
അതേസമയം ആഗോള തലത്തില്‍ ₹1,519.05 കോടിയിലേറെ ചിത്രം കളക്ഷൻ സ്വന്തമാക്കി എന്നാണ് കണക്കുകള്‍. ഇന്ത്യയില്‍ നിന്ന് മാത്രം ₹846.37 കോടി ഇതുവരെ സിനിമ വാരിക്കൂട്ടിയിട്ടുണ്ട്.






