തൃശൂര്: പത്മജ വേണുഗോപാൽ ബി.ജെ.പി വിട്ടു.
തന്റെ തീരുമാനം തെറ്റായിപ്പോയെന്ന് പത്മജ പറഞ്ഞു.
ബിജെപിയിൽ പ്രതീക്ഷിച്ച പദവികളോ സ്ഥാനമാനങ്ങളോ ലഭിക്കാത്തതും അവഗണന നേരിടേണ്ടിവന്നതുമാണ് പാർട്ടി
വിടാനുള്ള തീരുമാനത്തിന് പിന്നിലെന്നാണ് പത്മജയുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായും ദേശീയ നേതൃത്വവുമായും നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതായാണ് വിവരം.
ഇതിനു പിന്നാലെ രാജിക്കത്ത് നൽകാൻ തീരുമാനിക്കുകയായിരുന്നു.
''ബിജെപിയുടെ ആശയങ്ങൾ പഠിക്കാതെയാണ് അങ്ങോട്ട് പോയത്. തെറ്റ് തിരുത്തുന്നു.
ആലോചിക്കാതെയാണ് ബിജെപിയിലേക്ക് പോയത്. ആദ്യം കെ.മുരളീധരനെയാണ് തീരുമാനം അറിയിച്ചത്.
ഗവർണർ ആക്കാമെന്ന് ബിജെപി പറഞ്ഞിട്ടില്ല. ബിജെപിയിലേക്കുള്ള പോക്ക് ഒരുദിവസം കൊണ്ട് തീരുമാനിച്ചത്'' പത്മജ വിശദീകരിച്ചു.
അതേസമയം കോൺഗ്രസിലേക്ക് മടങ്ങാനുള്ള പത്മജയുടെ നീക്കത്തിനെതിരെ തൃശൂർ ജില്ലയിലെ കോൺഗ്രസ് നേതാക്കളിലും പ്രവർത്തകരിലും ഒരു വിഭാഗത്തിന് കടുത്ത എതിർപ്പുണ്ട്.
പത്മജയെ പാർട്ടിയിൽ തിരിച്ചെടുക്കരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാന നേതൃത്വത്തെ സമീപിക്കാനാണ് ഇവരുടെ നീക്കം.
കോൺഗ്രസിലുണ്ടായിരുന്ന കാലത്തും പത്മജയുമായി അഭിപ്രായവ്യത്യാസം പുലർത്തിയിരുന്ന വിഭാഗമാണ് ഇപ്പോൾ തിരിച്ചുവരവിനെതിരെ രംഗത്തുള്ളതെന്നാണ് വിവരം.
പാർട്ടി വിട്ട് മറ്റൊരു രാഷ്ട്രീയ നിലപാട് സ്വീകരിച്ച ഒരാളെ വീണ്ടും സ്വീകരിക്കേണ്ടതില്ലെന്നാണ് ഇവരുടെ വാദം.
ഇക്കാര്യം സംസ്ഥാന നേതാക്കളെ നേരിട്ട് അറിയിക്കാനാണ് നീക്കം.
കോൺഗ്രസിലേക്കുള്ള മടക്കവുമായി ബന്ധപ്പെട്ട് പത്മജ ആദ്യം സംസാരിച്ചത്
സഹോദരനും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ. മുരളീധരനോടാണെന്നാണ് വിവരം.
വിഷയം പാർട്ടി നേതൃത്വവുമായി ചർച്ച ചെയ്യണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിർദേശം.
തുടർന്ന് സംസ്ഥാന നേതൃത്വവുമായും മുഖ്യമന്ത്രിയുമായും ആശയവിനിമയം നടത്തിയതായാണ് സൂചന.
പത്മജയുടെ മടങ്ങിവരവിനോട് നേതൃത്വത്തിന് വലിയ എതിർപ്പില്ലെന്നാണ് ലഭിക്കുന്ന വിവരം.






