കോട്ടയം : ഇരുപത് രൂപയ്ക്ക് ഊണ് വിളമ്പി സാധാരണക്കാരന്റെ മനസും വയറും നിറച്ച കുടുംബശ്രീ ജനകീയ ഹോട്ടലുകളില്‍ പകുതിയിലേറെയും പൂട്ടി.
ജില്ലയില്‍ 85 ഇടങ്ങളില്‍ 110 ഹോട്ടലുകളുണ്ടായിരുന്നെങ്കില് ഇപ്പോള്‍ 39 ലേക്ക് ചുരുങ്ങി. വിശപ്പുരഹിത കേരളം പദ്ധതി പ്രകാരം കുറഞ്ഞ നിരക്കില്‍ ഭക്ഷണം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഹോട്ടലുകള്‍ ആരംഭിച്ചത്.
ഡ്രൈവർമാർ, തൊഴിലാളികള്‍, ദിവസവേതനക്കാർ ഉള്‍പ്പെടെ നിരവധിപ്പേർക്ക് ഈ ഭക്ഷണശാലകള്‍ പ്രയോജനപ്പെട്ടിരുന്നതാണ്. 150 ന് മുകളില്‍ ശരാശരി ഊണ് പോയിരുന്നു.
ആദ്യം 20 രൂപയ്ക്കാണ് ഊണ് തുടങ്ങിയത്. സാധനങ്ങളുടെ വിലക്കയറ്റവും മറ്റ് ചെലവുകളും ഉയർന്നതോടെ 35-40 രൂപയായി ഉയർത്തിയിട്ടുണ്ട്. തുടക്കത്തില്‍ ജില്ലയിലെ എല്ലാ നഗരസഭകളിലും പഞ്ചായത്തുകളിലും ജനകീയ ഹോട്ടലുകള്‍ ഉണ്ടായിരുന്നു.
കോട്ടയം നഗരസഭയില്‍ മാത്രമാണ് ഇപ്പോള്‍ ഹോട്ടല്‍ പ്രവർത്തിക്കുന്നത്. മൂന്നില്‍ കൂടുതല്‍ കുടുംബശ്രീ അംഗങ്ങള്‍ അടങ്ങുന്ന യൂണിറ്റുകള്‍ക്കാണ് ചുമതല.






