തിരുവനന്തപുരം: ജിഎസ്എല്‍വി-എഫ്17 ദൗത്യവിജയത്തില്‍ പ്രതികരണവുമായി ഐഎസ്ആർഒ ചെയർമാൻ വി നാരായണൻ. വിജയം ടീം വർക്കിന്റെയും സ്മാർട്ട് വർക്കിന്റെയും ഫലമെന്ന് വി നാരായണൻ പറഞ്ഞു.
പെർഫക്ട് ലോഞ്ചാണ് നടന്നത്. ലക്ഷ്യമിട്ടതിനേക്കാള്‍ മികച്ച ഭ്രമണപഥത്തിലാണ് ഉപഗ്രഹത്തെ സ്ഥാപിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
170 X 29000 കിലോമീറ്റർ പരിക്രമണപഥമാണ് ലക്ഷ്യമിട്ടതെന്നും 171 X 31200 കിലോമീറ്റർ ഭ്രമണപഥത്തിലാണ് എത്തിച്ചതെന്നും വി നാരായണൻ പറഞ്ഞു. ഇതോടെ ഉപഗ്രഹത്തിന്റെ പ്രവർത്തന കാലാവധി കൂടുതല്‍ കിട്ടുമെന്നും അദ്ദേഹം അറിയിച്ചു.
ഈ സാമ്പത്തിക വർഷം ആറ് വിക്ഷേപണങ്ങള്‍ നടത്തുമെന്നും വി നാരായണൻ അറിയിച്ചു. ഒരോ മാസവും ഓരോ വിക്ഷേപണം എന്നതാണ് ലക്ഷ്യം. ഗഗൻയാൻ ഈ കലണ്ടർ വർഷം തന്നെ നടക്കും. നാവിക് ഉപഗ്രഹ വിക്ഷേപണവും ഉടൻ നടക്കും. വാണിജ്യ വിക്ഷേപണവും ഉണ്ടാകുമെന്ന് അറിയിച്ച അദ്ദേഹം ലക്ഷ്യങ്ങള്‍ നേടാൻ ഒരു ടീമായി പരിശ്രമിക്കുമെന്നും പറഞ്ഞു.






