പാലാ: കോടികൾ ചെലവിട്ട് നിർമിച്ച ചെത്തിമറ്റം കളരിയാമ്മാക്കല് കടവ് പാലം നോക്കുകുത്തിയായിട്ട് 13 വർഷം.
പാലത്തിന് അപ്രോച്ച് റോഡ് നിർമിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. പാലം പൂർത്തിയാകാത്തതിനെതിരേ നാട്ടുകാരും പൗരസമിതിയും പലവട്ടം പ്രതിഷേധിച്ചെങ്കിലും അധികൃതർക്ക് ഒരു കുലുക്കവുമില്ല.
13 വര്‍ഷം മുമ്പ് പണി പൂര്‍ത്തീകരിച്ച പാലമാണ് ജനത്തിന് പ്രയോജനമില്ലാതെ നിൽക്കുന്നത്. പാലത്തിന്റെ ഇരുകരകളിലും ചെത്തിമറ്റം ഭാഗത്തും കിഴപറയാര് ഭാഗത്തും അപ്രോച്ച് റോഡും റോഡിനുള്ള സ്ഥലവും ഇല്ലാതെയാണ് നിർമാണം പൂര്‍ത്തിയാക്കിയത്. ചെത്തിമറ്റം ഭാഗത്ത് റോഡുണ്ടെങ്കിലും പണി പൂര്‍ത്തീകരിച്ചിട്ടില്ല.
കിഴപറയാര് ഭാഗത്ത് റോഡിനുള്ള സ്ഥലം ഏറ്റെടുത്തിട്ടില്ല. കിഴപറയാര് ഭാഗത്തുനിന്നു പാലത്തിലേക്കു കയറാന്‍ നാട്ടുകാര്‍ സ്വന്തം ചെലവില്‍ ഇരുമ്പുഗോവണി സ്ഥാപിച്ചിട്ടുണ്ട്. കാല്‍നടക്കാരുടെ ആശ്രയം ഈ ഗോവണിയാണ്.
മതിയായ നഷ്ടപരിഹാരം നല്കിയാല് സ്ഥലം വിട്ടുനല്‍കാമെന്ന് സ്ഥലമുടമകള്‍ ജനപ്രതിനികളെയും അധികൃതരെയും അറിയിച്ചിരുന്നു.
എന്നാല്‍, നടപടിക്രമങ്ങള്‍ മുന്നോട്ടുപോയിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. സ്ഥലം ഏറ്റെടുക്കാതെ അധികൃതർ കണ്ണടച്ചതോടെ പാലം നടപ്പാത മാത്രമായി ചുരുങ്ങി.
വെള്ളപ്പൊക്കം കഴിഞ്ഞിട്ട് ഒരു മാസം പിന്നിട്ടിട്ടും ചെത്തിമറ്റം കളരിയാമ്മാക്കല് പാലത്തിനടിയില്‍ അടിഞ്ഞ മാലിന്യങ്ങള്‍ നീക്കം ചെയ്തില്ല.
ടണ്‍ കണക്കിന് മലിന്യങ്ങളാണ് പാലത്തിനടിയില്‍ അടിഞ്ഞിരിക്കുന്നത്. ശുദ്ധജല പദ്ധതികളിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന കളരിയാമ്മാക്കല് തടയണയില്‍ ഓരോ വെള്ളപ്പൊക്കം കഴിയുമ്പോഴും മാലിന്യങ്ങള്‍ അടിഞ്ഞുകൂടുന്നത് പതിവാണ്. മുന്‍ വര്‍ഷങ്ങളില്‍ നഗരസഭയും ജസേചനവകുപ്പും ചേർന്നാണ് മാലിന്യങ്ങള്‍ നീക്കം ചെയ്തിരുന്നത്.






