ഏറ്റുമാനൂർ: പട്ടിത്താനം - മണർകാട് ബൈപാസ് റോഡിലെ അനധികൃത പാർക്കിംഗ് നിരോധിക്കണമെന്നാവശ്യം ശക്തമാകുന്നു.
പട്ടിത്താനം റൗണ്ടാന മുതൽ വാഹനങ്ങളുടെ അനധികൃത പാർക്കിംഗ് തുടരുകയാണ്.
ഇതുകാരണം മഹാദേവ ക്ഷേത്രത്തിന്റെ വടക്കേ നടയിലൂടെയും കിഴക്കേ നടയിലൂടെയും വരുന്ന വാഹനങ്ങൾ ബൈപാസ് റോഡിലേക്ക് കടന്നുവരുവാൻ ഏറെസമയം എടുക്കുന്നു.
റോഡിന്റെ വശങ്ങളിൽ ബസുകളും കണ്ടയ്നർ ലോറികളും പാർക്ക് ചെയ്യുന്നത് വഴിയാത്രക്കാർക്കും ഭീഷണിയാണ്. കഴിഞ്ഞ മൂന്നു വർഷങ്ങളിലായി ചെറുതും വലുതുമായ നിരവധി അപകടങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്.
പാലാ റോഡിൽ നിന്നും പട്ടിത്താനത്തേക്ക് പോകുന്ന വഴി രാവും പകലും വാഹനങ്ങൾ അനധികൃതമായി നിർത്തിയിട്ടിരിക്കുകയാണ്. വാഹനങ്ങൾ നിയന്ത്രിക്കാൻ മണ്ഡലകാലത്തെങ്കിലും പൊലീസിനെ അടിയന്തരമായി നിയമിക്കണമെന്നാവശ്യം ശക്തമാണ്.






