ടെഹ്റാൻ: അമേരിക്കയുടെ ഭാഗത്തുനിന്നും സൈനിക സമ്മർദ്ദങ്ങള്‍ ലഘൂകരിക്കുകയും ഇറാൻ തുറമുഖങ്ങളുടെ ഉപരോധം പിൻവലിക്കാൻ തയാറാവുകയും ചെയ്താല്‍ ഏഴ് ദിവസത്തിനുള്ളില്‍ ഹോർമൂസ് കടലിടുക്ക് തുറന്ന് നല്കാൻ കഴിയുമെന്ന് ഇറാൻ. പ്രതിസന്ധി പരിഹരിക്കാൻ ചർച്ച നടത്താൻ തയ്യാറാണെന്നും ഇറാൻ അറിയിച്ചു.
തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധവും കപ്പല്‍ ഗതാഗതത്തിലെ തടസവും കാരണം ക്രൂഡ് ഓയില്‍ കയറ്റുമതി നിലച്ച് സാമ്പത്തികമായി ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് ഇറാന്റെ നയമാറ്റം. പുതിയ നിർദ്ദേശത്തിന് പരമാധികാരി ആയത്തുള്ള മൊജ്തബ ഖമേനിയുടെയും സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെയും അംഗീകാരം ലഭിച്ചിട്ടുണ്ടെന്ന് മുതിർന്ന ഇറാൻ സർക്കാർ ഉദ്യോഗസ്ഥൻ ജാപ്പനീസ് വാർത്താ ഏജൻസിയായ 'ക്യോഡോ'യോട് വ്യക്തമാക്കി.
യു.എൻ പൊതുസമ്മേളന വേദിയില്‍ ചർച്ചകള്‍ നടക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ കൂടിക്കാഴ്ച നടത്താനുള്ള സാധ്യത ഉദ്യോഗസ്ഥൻ തള്ളിക്കളഞ്ഞു. അതേസമയം, ആവശ്യമാണെങ്കില്‍ ഇറാനിയൻ പ്രതിനിധികളുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കിയിട്ടുണ്ട്.
ഫെബ്രുവരി 28നാണ് അമേരിക്കയും ഇസ്രയേലും ഇറാനെതിരെ ആക്രമണം ആരംഭിച്ചത്. ഏപ്രിലില്‍ പാകിസ്ഥാന്റെ മദ്ധ്യസ്ഥതയില്‍ വെടിനിർത്തല്‍ പ്രഖ്യാപിക്കുകയും ജൂണില്‍ ഇരുരാജ്യങ്ങളും 'ഇസ്ലാമാബാദ് ധാരണാപത്രത്തില്‍' ഒപ്പുവയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് പരസ്പരം ആക്രമണങ്ങള്‍ പുനഃരാരംഭിച്ചതോടെ യു.എസ് - ഇറാന്റെ തുറമുഖങ്ങള്‍ ഉപരോധിക്കുകയും, ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചിടുകയുമായിരുന്നു. നിലവിലെ നിർദേശം മദ്ധ്യസ്ഥർ മുഖേനയാണ് ഇറാൻ അമേരിക്കൻ ഭരണകൂടത്തിന് കൈമാറിയിരിക്കുന്നത്.






