ടെഹ്റാൻ : ജോർദ്ദാനിലെ അമേരിക്കൻ വ്യോമത്താവളത്തിന് നേരെ ഉണ്ടായ ബാലിസ്റ്റിക്ക് മിസൈൽ ആക്രമണത്തിന് പിന്നാലെ ഇറാനെ ആക്രമിച്ച് യുഎസ്. ഇറാനെതിരെ യുഎസ് വ്യോമാക്രമണം ആരംഭിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. ജോർദാൻ ആക്രമണത്തിന് പിന്നാലെ ഇറാനെതിരെ ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു.
ഇറാൻ കനത്ത പ്രഹരം ഏറ്റുവാങ്ങേണ്ടി വരുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. എന്നാൽ ട്രംപിന്റെ ഭീഷണി തള്ളിയ ഇറാൻ ശത്രുവിനെതിരെ ഒന്നിച്ച് നിൽക്കാൻ ആഹ്വാനം നൽകിയിരുന്നു. ഇറാഖിൽ പ്രവർത്തിക്കുന്ന പാരാമിലിറ്ററി അംബ്രല ഗ്രൂപ്പായ പോപ്പുലർ മൊബിലൈസേഷൻ ഫോഴ്സിന്റെ ഇരുപതോളം അംഗങ്ങൾ യുഎസ് - സൗദി സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് ഇറാൻ സ്ഥിരീകരിച്ചിട്ടുണ്ട്. 32ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ഇറാന്റെ ആണവനിലയം സ്ഥിതി ചെയ്യുന്ന ബുഷ്ഹർ പ്രവിശ്യയിലും യുഎസ് ആക്രമണം നടന്നിട്ടുണ്ട്. ഇറാനിലെ ഖേഷമിൽ വ്യാഴാഴ്ച പുലർച്ചെയാണ് യുഎസ് വ്യോമാക്രമണം നടത്തിയത്. ആക്രമണത്തിൽ വൈദ്യുതി നിലയത്തിൽ കേടുപാടുകൾ സംഭവിച്ചതോടെ പ്രദേശം ഇരുട്ടിലായിരുന്നു. നിലവിൽ വൈദ്യുതി പുനസ്ഥാപിച്ചിട്ടുണ്ട്. രണ്ട് പേർ ആക്രമണത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്ക് ഇടയിൽ കുടുങ്ങികിടക്കുകയാണ്.
ഖേഷമിന് പുറമേ ദക്ഷിണ പടിഞ്ഞാറൻ പ്രവിശ്യയായ ഫാർസിലും കിഷ് ദ്വീപിലും യുഎസ് ആക്രമണം നടത്തിയിട്ടുണ്ട്. ഖുഷസ്താൻ പ്രവിശ്യയിലെ അബാദനിലുള്ള ചില പ്രദേശങ്ങളിലും യുഎസ് വ്യോമാക്രമണം നടത്തിയിട്ടുണ്ട്. അബു മുസ, കിഷ്, ഖേഷം എന്നിവിടങ്ങളിൽ കനത്ത നാശനഷ്ടം ഉണ്ടായിട്ടുണ്ട്. അതേസമയം സിരിക് നഗരത്തിൽ ഇതുവരെ ആക്രമണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.






