എറണാകുളം : ട്വന്റി 20 പാർട്ടി വിട്ടതിന് പിന്നാലെ സാബു എം ജേക്കബിനെതിരെ വീണ്ടും വിമർശനവുമായി അഖിൽ മാരാർ രംഗത്ത്. ബിജെപിയില്‍ നിന്ന് സാബു ജേക്കബ് 40 കോടി രൂപ വാങ്ങിയെന്നും അദ്ദേഹം വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് വേണ്ടിയാണ് എന്‍ഡിഎയിലേക്ക് പോയതെന്നും അഖില്‍ മാരാര്‍ ആരോപിച്ചു.
ട്വന്റി 20യ്ക്ക് വേണ്ടി സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ നിയോഗിച്ച ഡല്‍ഹി സ്വദേശി റാം തന്നെ പത്തുതവണ ബന്ധപ്പെട്ടുവെന്നാണ് അഖില്‍ മാരാര്‍ പറയുന്നത്. കൊട്ടാരക്കരയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകാന്‍ താന്‍ ആലോചിച്ചപ്പോള്‍ വീണ്ടും ബന്ധപ്പെട്ടെന്നും കൊട്ടാരക്കരയില്‍ മത്സരിപ്പിക്കാമെന്ന് ഉറപ്പ് നല്‍കിയെന്നും അഖില്‍ മാരാര്‍ പറയുന്നു. തൃക്കാക്കര തന്നില്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു എന്നും തിരഞ്ഞെടുപ്പിന് ശേഷം ട്വന്റി 20യ്ക്ക് രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ താല്‍പ്പര്യമില്ലാതായെന്നും അഖില്‍ മാരാര്‍ പറഞ്ഞു.
തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പോലും ഉണ്ടായിരുന്നില്ലെന്നും സാബു തന്നെ പാര്‍ട്ടിയിലേക്ക് വിളിച്ചുകൊണ്ടുപോവുകയായിരുന്നെന്നും അഖില്‍ പറഞ്ഞു. 1600 കോടി രൂപയിലധികം നഷ്ടത്തിലാണ് കിറ്റക്സ് എന്നും കേന്ദ്രസര്‍ക്കാരിന്റെ സഹായത്തിന് വേണ്ടിയാണ് സാബു ജേക്കബ് ശ്രമിക്കുന്നതെന്നും അഖില്‍ മാരാര്‍ ആരോപിച്ചു.
അഖില്‍ മാരാർ ട്വന്റി 20 വിട്ടതിന് പിന്നാലെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി സാബു എം ജേക്കബ് നേരത്തെ രംഗത്തെത്തിയിരുന്നു. അഖിലിന്റെ പ്രസ്താവനകള്‍ വസ്തുതാവിരുദ്ധമാണെന്ന് സാബു ജേക്കബ് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊട്ടാരക്കരയില്‍ നിന്ന് മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചാണ് അഖില്‍ ട്വന്റി 20 പാര്‍ട്ടിയിലേക്ക് വന്നത്. കൊട്ടാരക്കര സീറ്റ് തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ഉണ്ടായ ചില പ്രത്യേക സാഹചര്യത്തില്‍ ലഭിക്കാതെ പോയപ്പോഴാണ് തൃക്കാക്കര പകരമായി നല്‍കിയത്. തൃക്കാക്കര മണ്ഡലത്തില്‍ മത്സരിക്കാന്‍ അഖിലിന് താല്‍പ്പര്യമില്ലായിരുന്നെങ്കില്‍ മത്സരിക്കേണ്ടിയിരുന്നില്ലെന്നും സാബു ജേക്കബ് പറഞ്ഞിരുന്നു.





