കുവൈറ്റ് : പശ്ചിമേഷ്യയിൽ യുദ്ധഭീതി ഇരട്ടിയാക്കി ഗൾഫ് രാജ്യങ്ങൾക്ക് നേരെയുള്ള ഇറാൻ്റെ മിസൈൽ-ഡ്രോൺ ആക്രമണം ഇന്നും തുടർന്നു. ആക്രമണത്തെ തുടർന്ന് കുവൈറ്റിൽ പവർ ഗ്രിഡിനും ജലശുദ്ധീകരണ പ്ലാന്റിനും കേടുപാടുകൾ സംഭവിച്ചു. ഖത്തറിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് ഒരു കുട്ടിക്ക് പരിക്കേറ്റു.
അറബ് രാജ്യങ്ങൾക്ക് നേരെയുള്ള ഇറാൻ ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ രംഗത്തെത്തി. ഇറാനിലെ സിവിലിയൻ കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്കയും ആക്രമണം കടുപ്പിച്ചു. പശ്ചിമേഷ്യൻ സംഘർഷം കടുപ്പിച്ചുകൊണ്ടാണ് ഇറാൻ ഗൾഫ് മേഖലയ്ക്ക് നേരെ വ്യാപക ആക്രമണം അഴിച്ചുവിട്ടത്. ബഹ്റൈനിൽ രാത്രിയിൽ രണ്ടുതവണ വ്യോമാക്രമണ സൈറണുകൾ മുഴങ്ങി. താമസക്കാരോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാനും അധികൃതർ നിർദ്ദേശം നൽകി.
ഖത്തറിൽ തകർന്നുവീണ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് ഒരു കുട്ടിക്ക് പരിക്കേറ്റു. കുവൈറ്റ് സൈന്യം മിസൈലുകളെയും ഡ്രോണുകളെയും വ്യോമ പ്രതിരോധ സംവിധാനങ്ങൾ പ്രതിരോധിച്ചെങ്കിലും രാജ്യത്തെ പ്രധാന വൈദ്യുതി ഉത്പ്പാദന-ജലശുദ്ധീകരണ പ്ലാന്റിന് കേടുപാടുകൾ സംഭവിച്ചു. ആക്രമണത്തിൽ ചില സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. പ്ലാന്റിലുണ്ടായ വൻ തീപിടുത്തം പിന്നീട് നിയന്ത്രണവിധേയമാക്കി.






