കൊച്ചി: കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി മന്ത്രാലയത്തിന് കീഴിലുള്ള നാഷനല്‍ ഇൻഫർമാറ്റിക്സ് സെന്റർ സർവീസസ് ഇൻകോർപറേറ്റഡില്‍ (എൻ.ഐ.സി.എസ്.ഐ) ആറ് മാസത്തെ വിന്റർ ഇന്റേണ്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
സർക്കാർ ഐ.ടി പദ്ധതികളില്‍ പ്രവർത്തിക്കാൻ അവസരമൊരുക്കുന്ന പരിപാടിയില്‍ 30 ഒഴിവുകളാണുള്ളത്. ഇ ഗവേണൻസ്, സൈബർ സുരക്ഷ, ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ്, മെഷീൻ ലേണിങ്, ഡാറ്റ സയൻസ്, ഡിജിറ്റല്‍ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ, ഗവണ്മെന്റ് ക്ലൗഡ് തുടങ്ങിയ മേഖലകളിലാണ് പരിശീലനം.
ഒഴിവുകളും കാലാവധിയും
ആകെ 30 ഇന്റേണ്‍ഷിപ്പ് ഒഴിവുകളാണുള്ളത്. ആറുമാസമാണ് പരിശീലന കാലാവധി. 2027 ജനുവരി മുതല്‍ ജൂണ്‍ വരെയാണ് വിന്റർ ബാച്ച്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഇന്റേണ്‍ഷിപ്പ് പൂർത്തിയാക്കിയ ശേഷം സർട്ടിഫിക്കറ്റ് ലഭിക്കും.
യോഗ്യത
കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രോണിക്സ്, ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ്, ഡാറ്റ സയൻസ്, മെഷീൻ ലേണിങ്, സൈബർ സെക്യൂരിറ്റി, സോഫ്റ്റ്വെയർ ഡെവലപ്മെന്റ്, ക്ലൗഡ്, സിസ്റ്റം അഡ്മിനിസ്ട്രേഷൻ തുടങ്ങിയ അനുബന്ധ മേഖലകളില്‍ പഠിക്കുന്നവർക്കും യോഗ്യത നേടിയവർക്കുമാണ് അവസരം.
മാർക്ക് മാനദണ്ഡം
ബി.ടെക് / ബി.ഇ വിദ്യാർഥികള്‍ രണ്ടാം വർഷം അല്ലെങ്കില്‍ നാലാം സെമസ്റ്റർ പരീക്ഷ പൂർത്തിയാക്കിയിരിക്കണം. പ്ലസ് ടുവിന് കുറഞ്ഞത് 70 ശതമാനം മാർക്കോ തത്തുല്യ ഗ്രേഡോ വേണം.
ബിരുദാനന്തര ബിരുദ വിദ്യാർഥികള്‍ക്ക് ആദ്യവർഷം അല്ലെങ്കില്‍ രണ്ടാം സെമസ്റ്റർ പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. അവസാനവർഷ പരീക്ഷ എഴുതിയവർക്കും പഠനം പൂർത്തിയാക്കി തുടർപഠനത്തിനായി കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. അവസാനവർഷം പൂർത്തിയാക്കിയവർക്ക് എല്ലാ സെമസ്റ്ററുകളിലും വർഷങ്ങളിലും കുറഞ്ഞത് 70 ശതമാനം മാർക്ക് വേണം.
ലഭിക്കുന്ന ആനുകൂല്യം
ഇത് പെയ്ഡ് ഇന്റേണ്‍ഷിപ്പാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസ സ്റ്റൈപൻഡ് ലഭിക്കും.
തിരഞ്ഞെടുപ്പ് രീതി
അക്കാദമിക് പ്രകടനം, ബന്ധപ്പെട്ട മേഖലകളിലെ പ്രവൃത്തിപരിചയം, ഇന്റേണ്‍ഷിപ്പ് മേഖലയോടുള്ള അനുയോജ്യത എന്നിവ പരിഗണിച്ചാണ് തിരഞ്ഞെടുപ്പ്.
അപേക്ഷിക്കേണ്ട വിധം
താല്പര്യമുള്ളവർ എൻ.ഐ.സി.എസ്.ഐയുടെ ഔദ്യോഗിക വെബ്സൈറ്റായ https://nicsi.nic.in/nicsi/internship/ വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷയ്ക്കൊപ്പം സമീപകാല ഫോട്ടോ, അക്കാദമിക് മാർക്ക് ലിസ്റ്റുകള്‍, ആവശ്യമായ മറ്റ് രേഖകള്‍ എന്നിവ അപ്ലോഡ് ചെയ്യണം. അപേക്ഷയില്‍ താല്പര്യമുള്ള ഇന്റേണ്‍ഷിപ്പ് ബാച്ചും മേഖലയും തിരഞ്ഞെടുക്കണം. സ്ഥാപനത്തില്‍നിന്നുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻ.ഒ.സി), ഫോർവേഡിങ് ലെറ്റർ എന്നിവയും ആവശ്യമാണ്.






