ആലപ്പുഴ: സ്വന്തം മണ്ഡലമായ ഹരിപ്പാട്ട് ഓപ്പറേഷൻ തൂഫാൻ നടപ്പാക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ധൈര്യമില്ലെന്ന് മുതിർന്ന നേതാവ് ജി.
സുധാകരൻ എംഎല്‍എ. ഹരിപ്പാട്ട് നടക്കുന്ന ക്രിമിനല്‍ പ്രവർത്തനങ്ങളെക്കുറിച്ച് എന്തുകൊണ്ട് നടപടി സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
നല്ല ഉദ്ദേശ്യത്തോടെയാണ് രമേശ് ചെന്നിത്തല ഓപ്പറേഷൻ തൂഫാൻ കൊണ്ടുവന്നത്. എന്നാല്‍ സ്വന്തം മണ്ഡലമായ ഹരിപ്പാട്ട് അത് നടപ്പാക്കുന്നില്ല. അതിന് ചില കാരണങ്ങളുണ്ട്. അത് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നും സുധാകരൻ പറഞ്ഞു.
കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിനെയും സിപിഎമ്മിലെ ആഭ്യന്തര പ്രശ്നങ്ങളെയും കുറിച്ചും അദ്ദേഹം പ്രതികരിച്ചു. പഴയ യുഡിഎഫായി മാറാനല്ല ജനങ്ങള്‍ വോട്ട് നല്‍കിയതെന്നും ഭരണപക്ഷം ജനവിധിക്കനുസരിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി സതീശൻ കഴിവുള്ള വ്യക്തിയാണെന്നും വായനാശീലമുള്ള നേതാവാണെന്നും സുധാകരൻ അഭിപ്രായപ്പെട്ടു. സർക്കാരിന്റെ പ്രവർത്തനം മെച്ചപ്പെട്ടാല്‍ മതിയെന്നും പ്രതിപക്ഷത്തിന് ബദലായി ഉയർന്നുവരാൻ ഇനിയും ഏറെ പ്രവർത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഎമ്മിലെ ജയരാജൻമാർ തമ്മിലുള്ള തർക്കത്തിലും പാർട്ടിയുടെ ആഭ്യന്തര പ്രശ്നങ്ങളിലും രൂക്ഷവിമർശനമാണ് സുധാകരൻ ഉന്നയിച്ചത്. സിപിഎം സെക്രട്ടേറിയറ്റില്‍ നടന്ന കാര്യങ്ങള്‍ പുറത്തുവന്നത് പാർട്ടിയുടെ ആഭ്യന്തര സ്ഥിതി വ്യക്തമാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
പാർട്ടിയില്‍നിന്ന് സ്വയം ഇറങ്ങിപ്പോന്നതാണെന്നും ആരും പുറത്താക്കിയതല്ലെന്നും വ്യക്തമാക്കിയ സുധാകരൻ, അന്ന് എടുത്ത തീരുമാനം ശരിയായിരുന്നുവെന്ന് ഇപ്പോള്‍ ബോധ്യപ്പെടുന്നുണ്ടെന്നും പറഞ്ഞു.
പിണറായി വിജയനുമായി ദീർഘകാല രാഷ്ട്രീയ ബന്ധമുണ്ടെന്നും അദ്ദേഹത്തേക്കാള്‍ സീനിയറായ മറ്റൊരാള്‍ പാർട്ടിയില്‍ ഇല്ലെന്നും സുധാകരൻ പറഞ്ഞു. തന്നെ പിണറായി ആക്ഷേപിച്ചപ്പോഴും തിരിച്ചൊന്നും പറഞ്ഞില്ലെന്നും ജനങ്ങള്‍ 29,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവിലെ സിപിഎം നേതൃത്വത്തിന് പാർട്ടിയെ നിയന്ത്രിക്കാൻ കഴിയുന്നില്ലെന്നും കൃത്രിമ പ്രതിച്ഛായ സൃഷ്ടിച്ചാണ് ചില നേതാക്കള്‍ മുന്നോട്ടുപോകുന്നതെന്നും സുധാകരൻ വിമർശിച്ചു. താൻ ഒരിക്കലും പിആർ പ്രവർത്തനം നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.






