റിയാദ് : സൗദി സർവീസുകൾ റദ്ദാക്കിയത് വീണ്ടും നീട്ടി ഇൻഡിഗോ. ജിദ്ദ, മദീന, റിയാദ്, ദമ്മാം എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ നവംബർ 30 വരെ നിർത്തിവെച്ചു. നിലവിലെ സുരക്ഷാ സാഹചര്യങ്ങളാണ് കാരണമെന്ന് കമ്പനി അറിയിച്ചു. ജിദ്ദ, മദീന സർവീസുകൾ നവംബർ 21 വരെയായിരുന്നു നേരത്തെ റദ്ദാക്കിയിരുന്നത്. പുതിയ അറിയിപ്പ് പ്രകാരം ഇതും നവംബർ 30 വരെ നീട്ടി.
ടിക്കറ്റ് ബുക്ക് ചെയ്ത സമയത്ത് യാത്രക്കാർ നൽകിയിട്ടുള്ള ഫോൺ നമ്പറിലേക്ക് സന്ദേശങ്ങൾ അയച്ച് കാര്യങ്ങൾ അറിയിക്കുന്നുണ്ട്. യാത്രക്കാരുടെയും ഒപ്പം വിമാന ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് ഇൻഡിഗോ ഏറ്റവും ഉയർന്ന മുൻഗണന നൽകുന്നത് എന്ന് കമ്പനി അറിയിച്ചു. എയർ ഇന്ത്യ എക്സ്പ്രസ്സ്, അകാസ എയർ എന്നിവയും നവംബർ അവസാനം വരെയുള്ള സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.
എന്നാൽ സൗദി ദേശീയ വിമാനക്കമ്പനികളായ സൌദി എയർലൈൻസ്, ഫ്ലൈ നാസ് എന്നിവ ഇന്ത്യയിലേക്ക് കൂടുതൽ സർവീസുകൾ ആരംഭിച്ചത് പ്രവാസി യാത്രക്കാർക്ക് ആശ്വാസം നൽകുന്നുണ്ട്. ഈ രണ്ട് വിമാനക്കമ്പനികളും ജിദ്ദ കോഴിക്കോട് ഡയറക്ട് സർവീസും ആരംഭിച്ചു. ജിസിസിയിലെ മറ്റു വിമാനങ്ങൾ വഴിയും യാത്ര ചെയ്യാനുളള സൗകര്യം പ്രവാസികൾക്കുണ്ട്.






