കോട്ടയം : ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനായി എരുമേലിക്ക് വേണ്ടി പ്രത്യേക മാസ്റ്റർ പ്ലാൻ നടപ്പാക്കേണ്ടതുണ്ടെന്ന് സംസ്ഥാന നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി അഭിപ്രായപ്പെട്ടു. എരുമേലി വലിയ തോടിൻറെ മലിനീകരണ പ്രശ്നങ്ങൾ നേരിൽ കണ്ട് വിലയിരുത്തിയശേഷമാണ് അടിയന്തിര നടപടിക്ക് ശുപാർശ നൽകിയത്. സജീവ് ജോസഫ് എംഎൽഎ അധ്യക്ഷനായുള്ള സമിതി അവലോകന യോഗത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്.
വലിയ തോടിന്റെ ശുചീകരണവും അടിസ്ഥാന സൗകര്യ ക്രമീകരണങ്ങൾക്കായി അനുവദിക്കുന്ന തുകയുടെ കൃത്യമായ വിനിയോഗവും വകുപ്പുകളുടെ ഏകോപനവും ഉറപ്പാക്കുന്നതിന് എരുമേലിയിലെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിനെ ചുമതലപ്പെടുത്താൻ യോഗം തീരുമാനിച്ചു. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ നേതൃത്വത്തിൽ ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും പ്രധാന ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സമിതി രൂപീകരിക്കും. ‘വലിയ തോട്ടിലെ മലിനീകരണം സമിതി നേരിൽ കണ്ട് മനസ്സിലാക്കി. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പൊതുജനങ്ങളും ഉന്നയിച്ച വിഷയങ്ങൾ ഏറെ ഗൗരവമുള്ളവയാണ്. ഇതു സംബന്ധിച്ച് സർക്കാരിന് റിപ്പോർട്ട് നൽകും. തോട് പൂർണമായും മാലിന്യമുക്തമാക്കുന്നതിന് അടിയന്തര നടപടി വേണം. മണ്ഡലകാലത്ത് എല്ലാ ദിവസവും ശുചീകരണം നടത്തുന്നു എന്ന് ഉറപ്പാക്കണം’ എന്നും സജീവ് ജോസഫ് എംഎൽഎ പറഞ്ഞു.
നിലവിൽ ക്ഷേത്ര പരിസരത്തെ റോഡു ശുചീകരിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള സംവിധാനം ഫലപ്രദമാണോ എന്നതു സംബന്ധിച്ച് പരിശോധന വേണം. തോടിന്റെ ശുചീകരണത്തിനായി ഈ ജോലിക്കാരെ നിയോഗിക്കണം. പ്രവർത്തനങ്ങളിൽ എല്ലാ വകുപ്പുകളും സഹകരിക്കണം. എരുമേലിയിൽ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള സാധ്യത പരിശോധിക്കണം. വലിയ തോടിന്റെ ഇരു കരകളിലുമുള്ള കയ്യേറ്റം ഒഴിപ്പിക്കുന്നതിന് സമയബന്ധിതമായ നടപടി വേണം.
ഇക്കാര്യത്തിൽ നിയമലംഘനങ്ങൾക്കെതിരെ കണ്ണടയ്ക്കുന്ന സമീപനം പാടില്ല. മറ്റു സംസ്ഥാനങ്ങളിൽനിന്ന് ഉൾപ്പെടെ എത്തുന്ന അയ്യപ്പ ഭക്തർക്ക് മികച്ച സൗകര്യങ്ങൾ ഉറപ്പാക്കുന്നതിന് എല്ലാവർക്കും ഉത്തരവാദിത്വമുണ്ടെന്ന് സമിതി ചൂണ്ടിക്കാട്ടി. മലിനീകരണ നിയന്ത്രണം ലക്ഷ്യമിട്ടുള്ള ബോധവൽക്കരണം ഊർജിതമാക്കണമെന്നും വലിയ തോട്ടിൽ നിലവിലുള്ള മൺതിട്ടകൾ നീക്കം ചെയ്യണമെന്നും സമിതി നിർദേശിച്ചു.





