കോട്ടയം : ആത്മഹത്യയ്ക്കെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വൈക്കം ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന ‘മധുരം ജീവിതം’ പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി ഗായിക വൈക്കം വിജയലക്ഷ്മിയെ നവംബർ 19ന് പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞ് 3ന് വൈക്കം മുഹമ്മദ് ബഷീർ സ്മാരക ഹാളിൽ നടക്കുന്ന ചടങ്ങ് ജില്ലാ കലക്ടർ ചേതൻ കുമാർ മീണ ഉദ്ഘാടനം ചെയ്യും.
വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെകെ ശശികുമാർ അധ്യക്ഷത വഹിക്കും. ബ്രാൻഡ് അംബാസഡറുടെ നയപ്രഖ്യാപനം വൈക്കം വിജയലക്ഷ്മി നിർവഹിക്കും. ആത്മഹത്യാ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേരള ഗവ. മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷനുമായി (കെജിഎംഒഎ) സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. രണ്ടര ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്.
ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വീടുകളിൽ ബോധവൽക്കരണ സന്ദേശം എത്തിക്കുകയാണ് ലക്ഷ്യം. വീടുതോറുമുള്ള വിവരശേഖരണം, സെമിനാറുകൾ, സംവാദങ്ങൾ, പൊതുയോഗങ്ങൾ, കലാ-സാംസ്കാരിക പരിപാടികൾ എന്നിവ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കും.
കുടുംബശ്രീ- ആശ- പാലിയേറ്റീവ് പ്രവർത്തകർ, ആരോഗ്യവകുപ്പ്, പൊലീസ്, എക്സൈസ്, എൻഎസ്എസ് വൊളന്റിയർമാർ, സന്നദ്ധ സംഘടനകൾ, ക്ലബ്ബുകൾ, രാഷ്ട്രീയ-യുവജന സംഘടനകൾ തുടങ്ങിയവരുടെ പങ്കാളിത്തവും ഉറപ്പാക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനും സെക്രട്ടറി കൺവീനറുമായുള്ള സമിതിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.




