തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂടിനിടയിലും വീണ്ടും മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. മറ്റു ജില്ലകളില്‍ നിലവില്‍ പ്രത്യേക മുന്നറിയിപ്പുകളൊന്നുമില്ല.
ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതിന്റെ ഫലമായി സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു.
അതേസമയം, മഴ മുന്നറിയിപ്പിനൊപ്പം തന്നെ സംസ്ഥാനത്ത് പലയിടത്തും അതികഠിനമായ ചൂടും അനുഭവപ്പെടുന്നുണ്ട്.
ചൂട് ക്രമാതീതമായി ഉയർന്ന സാഹചര്യത്തില്‍ സൂര്യതാപം, നിർജലീകരണം, സൂര്യഘാതം എന്നിവയ്ക്ക് സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ആവശ്യമായ മുൻകരുതലുകള്‍ സ്വീകരിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. പകല്‍ സമയങ്ങളില്‍ പുറത്തിറങ്ങുന്നവർ നേരിട്ട് വെയിലേല്‍ക്കുന്നത് ഒഴിവാക്കണമെന്നും ആവശ്യത്തിന് വെള്ളം കുടിക്കണമെന്നും അധികൃതർ നിർദേശിക്കുന്നു.






