മൂലമറ്റം: നൂറുകണക്കിനാളുകളുടെ ആശ്രയമായ അറക്കുളം ഗണപതിക്ഷേത്രത്തിന് സമീപത്തെ ഇരുമ്പുപാലം തകർന്നിട്ട് എട്ട് വർഷമായിട്ടും പുനർനിർമ്മിക്കാൻ നടപടിയില്ല.
നച്ചാറിന് കുറുകെയാണ്ആറ് മീറ്ററോളം വീതിയുള്ള പാലം സ്ഥിതിചെയ്യുന്നത്. 2018ലെ മഹാപ്രളയത്തിലുണ്ടായ ഉരുൾപ്പൊട്ടലിനെ തുടർന്ന് പാലത്തിന്റെ ഒരുവശത്തെ കരിങ്കൽ കെട്ടുകൾക്ക് ബലക്ഷയം നേരിട്ടതോടെയാണ് ഇവിടെ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയത്.
ആദ്യം ഭാരവാഹനങ്ങൾക്ക് മാത്രം ഏർപ്പെടുത്തിയ നിയന്ത്രണം പൂർണനിരോധനത്തിലേക്ക് എത്തുകയായിരുന്നു. പിന്നീട് ഇരുമ്പുകവചങ്ങളും നശിച്ചതോടെ പാലം ഓർമ്മയായി. പഞ്ചായത്തിലെ 11, 12 വാർഡുകളിലായാണ് പാലം സ്ഥിതിചെയ്യുന്നത്.
പാലം പുനർനിർമ്മിച്ചാൽ വാഗമൺ, പുള്ളിക്കാനം, എടാട്, ഇലപ്പള്ളി, കണ്ണിക്കൽ, പുത്തേട്, കൂവപ്പള്ളി മേഖലകളിലേക്കുപോകുന്ന വിനോദസഞ്ചാരികളടക്കമുള്ള നൂറുകണക്കിന് വാഹനയാത്രികർക്ക് ഗുണകരമാണ്.
ഒരു കാലഘട്ടത്തിൽ അറക്കുളം പഞ്ചായത്തിലെ ഏറ്റവും പ്രാധാന്യമേറിയ പാലമാണ് അധികൃതരുടെ അനാസ്ഥമൂലം നശിച്ചത്. മൂലമറ്റം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിനു സമീപത്തെ പാലത്തിന്റെ ബലക്ഷയവും സമീപത്തായുള്ള ഐ.എച്ച്.ഇ.പി യു.പി സ്കൂളിന് മുന്നിലൂടെ
വാഹനഗതാഗതം നടത്തുന്നതിലെ അപകടവും പ്രതിസന്ധി സൃഷ്ടക്കുന്നത് കണക്കിലെടുത്ത് 35 വർഷം മുമ്പ് നിർമ്മിച്ച സമാന്തര റോഡിലെ പാലത്തിനാണ് ഈ ദുരവസ്ഥ.
പഞ്ചായത്തിൽ മുൻകാലഘട്ടങ്ങളിൽ പല നിർമ്മാണ പ്രവർത്തനങ്ങൾക്കും ആവശ്യത്തിനും അനാവശ്യത്തിനുമെല്ലാം ഫണ്ട് അനുവദിച്ചപ്പോൾ ഈ പാലത്തെ മനപ്പൂർവ്വം അവഗണിച്ചതായാണ് ആരോപണം.
മുൻ മന്ത്രി റോഷി അഗസ്റ്റിനടക്കമുള്ള ജനപ്രതിനിധികൾക്ക് ഫണ്ട് ആവശ്യപ്പെട്ട് പലതവണ നിവേദനങ്ങൾ നൽകിയതാണെങ്കിലും അവഗണന മാത്രമാണ് നേരിടുന്നതെന്ന വിമർശനവും ശക്തമാണ്.
പാലം ഉപയോഗരഹിതമായതോടെ കെ.എസ്.ഇ.ബിയും കൈയൊഴിയുകയായിരുന്നു. കഴിഞ്ഞ പഞ്ചാത്ത് ഭരണസമിതി 11,12 വാർഡുകളിലെ ജനപ്രതിനിധികൾ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കൽക്കെട്ട് നിർമ്മിക്കാൻ തീരുമാനിച്ചെങ്കിലും ഫണ്ടില്ലാത്തിനാൽ നടന്നില്ല.






