ഇടുക്കി: സെപ്റ്റിക് ടാങ്കില്‍നിന്ന് കവിഞ്ഞൊഴുകുന്ന മലിനജലത്തില്‍ ചവിട്ടാതെ ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് പ്രവേശിക്കാനാവാത്ത സ്ഥിതി.
ആശുപത്രിയിലേക്കുള്ള പ്രവേശന കവാടത്തിലൂടെയും റോഡിലൂടെയും മലിനജലം ഒഴുകിപ്പരക്കുന്നത് കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി തുടരുകയാണ്. രൂക്ഷമായ ദുർഗന്ധവും പകർച്ചവ്യാധി ഭീഷണിയും ഉയർത്തുന്ന സാഹചര്യത്തിലും പ്രശ്നത്തിന് പരിഹാരം കാണാൻ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് വിദ്യാർഥികളുടെ ആരോപണം.
മെഡിക്കല്‍ കോളേജിലെ സെപ്റ്റിക് ടാങ്കില്‍നിന്ന് പുറത്തേക്ക് ഒഴുകുന്ന മലിനജലം ആശുപത്രിയുടെ പ്രധാന പ്രവേശന കവാടത്തിലേക്കാണ് എത്തുന്നത്. രോഗികളും കൂട്ടിരിപ്പുകാരും ജീവനക്കാരും വിദ്യാർഥികളുമെല്ലാം മലിനജലത്തിലൂടെ ചവിട്ടിയാണ് ആശുപത്രി കെട്ടിടത്തിലേക്ക് പ്രവേശിക്കുന്നത്. വിദ്യാർഥികള്‍ നിരന്തരം പ്രതിഷേധിക്കുകയും അധികൃതർക്ക് പരാതികള്‍ നല്‍കുകയും ചെയ്തിട്ടും പ്രശ്നത്തിന് പരിഹാരമായിട്ടില്ല.
ഇതിനുപുറമേ മെഡിക്കല്‍ കോളേജ് ക്യാമ്പസിന്റെ പിൻഭാഗത്തും ഗുരുതരമായ മാലിന്യപ്രശ്നം നിലനില്‍ക്കുന്നുണ്ട്. സെപ്റ്റിക് ടാങ്കിലെ മാലിന്യങ്ങള്‍ മാറ്റുന്നതിനായി ആണ്‍കുട്ടികളുടെ ഹോസ്റ്റലിന് സമീപം ഏകദേശം 300 മീറ്റർ നീളത്തില്‍ പൈപ്പ് സ്ഥാപിച്ച് രണ്ട് താല്‍ക്കാലിക കോണ്‍ക്രീറ്റ് ടാങ്കുകള്‍ നിർമിച്ചിരുന്നു. എന്നാല്‍ ഈ ടാങ്കുകളും നിറഞ്ഞ് കവിഞ്ഞൊഴുകാൻ തുടങ്ങിയിട്ട് നാല് മാസത്തിലേറെയായി.
കവിഞ്ഞൊഴുകുന്ന മലിനജലം താഴ്ഭാഗത്തുള്ള തോട്ടിലേക്കാണ് എത്തുന്നത്. ഈ തോട് ചെറുതോണിയിലെ കടകളിലും വീടുകളിലും ഉപയോഗിക്കുന്ന ജലസ്രോതസ്സുകളുമായി ബന്ധപ്പെടുന്നതായും ഒടുവില്‍ പെരിയാർ നദിയിലേക്ക് എത്തിച്ചേരുന്നതായും ചൂണ്ടിക്കാണിക്കപ്പെടുന്നു. മലിനജലം ഒഴുകുന്നത് തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ വിദ്യാർഥികള്‍ അധികൃതർക്ക് പരാതി നല്‍കിയിട്ടും ഇടപെടലുണ്ടായിട്ടില്ലെന്നാണ് വിദ്യാർഥികളുടെ പരാതി.






