തിരുവനന്തപുരം: ചാലയിലെ സ്വർണക്കവർച്ചയില്‍ നിർണായക വിവരങ്ങള്‍ പുറത്ത്.
കവർച്ചയ്ക്കായി രണ്ടംഗ സംഘം നഗരത്തിലെത്തിയത് വൈകിട്ട് 7.30ഓടെയാണെന്നാണ് വിവരം.
കവർച്ചയില്‍ കൂടുതല്‍ പേർക്ക് പങ്കുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.
പ്രതികള്‍ എത്തിയ ഹോണ്ട ബൈക്കുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
പ്രതികള്‍ നഗരത്തിലെത്തിയ സമയം മുതലുള്ള സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണസംഘം വിശദമായി പരിശോധിച്ചുവരികയാണ്.
വൈകിട്ട് 7.30ഓടെ രണ്ടംഗ സംഘം തിരുവനന്തപുരം നഗരത്തിലെ കിള്ളിപ്പാലത്തെത്തി. തുടർന്ന് രാത്രി ഒൻപതോടെ ജ്വല്ലറി സ്ഥിതി ചെയ്യുന്ന മരക്കട ഭാഗത്തേക്ക് നീങ്ങി. ഇവിടെ ഒരു മണിക്കൂറോളം ബൈക്കില്‍ കറങ്ങി പരിസരം നിരീക്ഷിച്ചതായാണ് വിവരം.
ജ്വല്ലറിക്ക് സമീപത്തെ തട്ടുകട ജീവനക്കാരുടെ ശ്രദ്ധയിലും ബൈക്ക് പലതവണപ്പെട്ടിരുന്നു. കട അടച്ചശേഷം പതിവിലും വൈകിയാണ് ഉടമ നന്ദകുമാർ പുറത്തേക്ക് ഇറങ്ങിയത്. രാത്രി പത്തരയോടെയായിരുന്നു സംഭവം.
നന്ദകുമാർ ജ്വല്ലറി പൂട്ടി പുറത്തിറങ്ങുന്ന കൃത്യമായ വിവരം ആരോ ഫോണിലൂടെ പ്രതികള്‍ക്ക് കൈമാറിയെന്നാണ് പൊലീസിന്റെ സംശയം. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘം പെട്ടെന്ന് സ്ഥലത്തെത്തി കവർച്ച നടത്തിയതെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.
കവർച്ചയുടെ ആസൂത്രണത്തില്‍ കൂടുതല്‍ പേർക്ക് പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രതികള്‍ ഉപയോഗിച്ച ഹോണ്ട ബൈക്കുകളെ കേന്ദ്രീകരിച്ചും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികളെ വൈകാതെ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.






