ഇടുക്കി: ഇടുക്കിയിൽ വന്യജീവി ആക്രമണത്തിൽ നിരവധി ജീവനുകളാണ് പൊലിഞ്ഞത്..
മനുഷ്യവന്യജീവി സംഘർഷസാധ്യത കണക്കിലെടുത്ത് ജനങ്ങളുടെ സുരക്ഷയെ കരുതി
വനമേഖലയോടു ചേർന്നു കിടക്കുന്ന തോട്ടങ്ങളിൽ രാത്രി സമയത്തെ മനുഷ്യസഞ്ചാരം കർശനമായി നിയന്ത്രിച്ചുകൊണ്ടുള്ള ജില്ലാ കളക്ടറുടെ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം.
വനമേഖലയോട് ചേർന്നുകിടക്കുന്ന തോട്ടങ്ങളിൽ വൈകിട്ട് ആറുമുതൽ രാവിലെ ആറുവരെയുള്ള മനുഷ്യ സഞ്ചാരവും രാത്രി
സമയത്തെ തോട്ടങ്ങളിലെ പണികളും നിറുത്തി വയ്പിക്കുന്നതിന് മേഖലയിൽ പ്രവർത്തിക്കുന്ന
തൊഴിലാളികൾക്കും തോട്ടം ഉടമകൾക്കും കർശനമായ നിർദേശം നൽകണമെന്ന് നിർദേശിക്കുന്നുവെന്നാണ് ഉത്തരവ്.
മൂന്നാർ, പീരുമേട്, ഉടുമ്പൻചോല താലൂക്കുകളിലെ പ്ലാന്റേഷൻ ഇൻസ്പെക്ടർമാർക്കാണ് നിർദേശം നൽകിയിരിക്കുന്നത്.
തിങ്കളാഴ്ചയാണ് ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ടിന്റെ ഉത്തരവിറങ്ങിയത്.
രാത്രി ആറിന് ശേഷം തോട്ടംമേഖലയിലുള്ളവർക്ക് പുറത്തിറങ്ങാനാകാത്ത വിധം ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്നതാണ് ഉത്തരവെന്നാണ് വിമർശനമുയരുന്നത്.
മൂന്നാർ, പീരുമേട്, ഉടുമ്പൻചോല താലൂക്കുകൾ പൂർണമായും വനാതിർത്തിയോടു ചേർന്നുള്ള പ്രദേശങ്ങളാണ്.
വനമേഖയോടു ചേർന്നുള്ള തോട്ടം മേഖലകളിൽ തൊഴിലാളികളുടെ രാത്രി സഞ്ചാരം നിരോധിക്കുമ്പോൾ ആ സമയങ്ങളിൽ
ഉണ്ടാകുന്ന വന്യജീവി ആക്രമണങ്ങൾ മനുഷ്യരുടെ നിയമലംഘനം മൂലമാണെന്ന് വരുത്താനും ഈ
ഉത്തരവുകൊണ്ടു സാധിക്കുമെന്നാണ് പ്രധാന വിമർശനം.
യൂക്കാലിപ്റ്റസ്, പൈൻ തോട്ടങ്ങളും എല്ലാം വനമേഖലയോടു ചേർന്നുള്ള പ്രദേശം എന്ന നിർവചനത്തിൽ പെടും.
മൂന്നാർ, പീരുമേട് എന്നിവിടങ്ങളിൽ കുറ്റിക്കാടുകളും യൂക്കാലിപ്റ്റസ്, പൈൻ തോട്ടങ്ങളും
നിറഞ്ഞ മേഖലകളിൽ നിന്നാണ് ആന, കടുവ, പുലി, കരടി, കാട്ടുപോത്ത്, പന്നി തുടങ്ങിയ വന്യമൃഗങ്ങൾ നാട്ടിലേക്കിറങ്ങുന്നത്.
തോട്ടം മേഖലകളിലാണ് നിലവിൽ നിയന്ത്രണമെങ്കിലും വനമേഖലയ്ക്കുള്ളിലൂടെയുള്ള സംസ്ഥാന, ദേശീയ പാതകളിലൂടെയുള്ള യാത്രകളെയും ഉത്തരവ് ബാധിക്കുമോയെന്ന ആശങ്കയുണ്ട്.
സംസ്ഥാന, ദേശീയ പാതകളിലും വന്യജീവികളുടെ ആക്രമണങ്ങൾ സർവസാധാരണമാണ്.






