ഇടുക്കി: 'ഒരു മോനാണെന്ന് പറയുന്നതെന്ന് വിചാരിക്കൂ... ആ കയറഴിക്കൂ ചേട്ടാ..." സ്നേഹവും കരുതലും നിറഞ്ഞ ആ വിളിയിൽ വർഗീസിന്റെ മനസുമാറി. കഴുത്തിലെ കുരുക്കഴിച്ചു. നിറഞ്ഞൊഴുകിയ കണ്ണുകൾ തുടച്ചു. നിലത്തേക്കിറങ്ങി വാതിൽ തുറന്നു.
ജീവനൊടുക്കാൻ ശ്രമിച്ച ഗൃഹനാഥനെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തിയ തടിയമ്പാട് എസ്.ഐ ബിബിനെ ഫോണിൽ വിളിച്ച് അനുമോദനങ്ങൾ അറിയിച്ച് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല.
എസ്.ഐ ബിബിന്റെയും സംഘത്തിന്റെയും പ്രവർത്തനം തികച്ചും മാതൃകാപരമാണെന്നും, കേരള പോലീസിന്റെ മാനുഷിക മുഖം പൊതുസമൂഹത്തിന് മുന്നിൽ ഒരിക്കൽ കൂടി തെളിയിക്കുന്നതാണെന്നും മന്ത്രി പ്രശംസിച്ചു.
സെപ്റ്റംബർ 3-ന് ഇടുക്കിയിൽ നടക്കുന്ന മയക്കുമരുന്ന് വിരുദ്ധ പ്രചാരണ പരിപാടിയായ 'തൂഫാൻ' റാലിയിൽ വെച്ച് എസ്.ഐ ബിബിനെ ആദരിക്കുമെന്നും ആഭ്യന്തരമന്ത്രി അറിയിച്ചിട്ടുണ്ട്.
സംഭവത്തിൽ കേസെടുത്തിട്ടില്ല. സാമൂഹ്യമാദ്ധ്യമങ്ങളിൽ വീഡിയോ വൈറലായതോടെ നിരവധിപ്പേർ പൊലീസിന്റെ സമയോചിത ഇടപെടലിനെ പ്രശംസിച്ച് രംഗത്തെത്തി.
എറണാകുളം വടക്കൻപറവൂർ സ്വദേശിയായ ബിബിൻ (38) തൈക്കൂട്ടത്തിൽ ബാബുവിന്റെയും തങ്കയുടെയും മകനാണ്. കെ.എസ്.സനിതയാണ് ഭാര്യ.
എട്ട് വയസുകാരി നിഹാരിക മകളാണ്. പറവൂർ എസ്.ഐയായിരുന്ന ബിബിൻ ദിവസങ്ങൾക്ക് മുമ്പാണ് ഇടുക്കിയിലേക്ക് സ്ഥലംമാറിയെത്തിയത്. എട്ട് വർഷമായി സർവീസിൽ കയറിയിട്ട്.






