ജിന്ദ്: രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ഹരിയാനയിലെ ജിന്ദ് സ്റ്റേഷനില്‍ നിന്ന് സർവ്വീസ് ആരംഭിച്ചു. അഞ്ച് രൂപ മുതലാണ് ട്രെയിൻ ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്.
5 രൂപ മുതല്‍ 25 രൂപ വരെയാണ് 89 കിലോമീറ്റർ സഞ്ചരിക്കുന്ന ഹൈഡ്രജൻ ട്രെയിനിന്റെ ആകെയുള്ള ടിക്കറ്റ് ചാർജ്ജ്. ഹരിയാനയിലെ ജിന്ദ് സ്റ്റേഷനില്‍ നിന്ന് ആരംഭിക്കുന്ന പാസഞ്ചർ ട്രെയിൻ സോണിപത് വരെ 89 കിലോമീറ്റർ ദൂരമാണ് സർവ്വീസ് നടത്തുക.
നമോ ഗ്രീൻ റെയില്‍ എന്ന് പേരിട്ടിരിക്കുന്ന ട്രെയിൻ പൂർണമായും ഇന്ത്യൻ നിർമ്മിതമാണ്. രാജ്യത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെ പൊതു ഗതാഗതമായി മാറുകയാണ് ഹൈഡ്രജൻ ട്രെയിൻ. റെയില്‍വേയുടെ പ്ലാറ്റ്ഫോം ടിക്കറ്റിനേക്കാള്‍ കുറവാണ് ടിക്കറ്റ് നിരക്ക് എന്നതാണ് ശ്രദ്ധേയമായ കാര്യം. പത്ത് കോച്ചുകളാണ് നമോ ഗ്രീൻ സർവീസിനുള്ളത്.
രണ്ട് മണിക്കൂറാണ് 90 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ നമോ ഗ്രീൻ സർവീസിന് ആവശ്യമായി വരിക. 90 കിലോമീറ്റർ ദൂരത്തിനിടയില്‍ 11 സ്റ്റേഷനുകളാണ് ഈ ട്രെയിൻ സർവീസില്‍ ഉള്ളത്. 2600 യാത്രക്കാരെയാണ് രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിനിന് വഹിക്കാനാവുക.
ഹൈഡ്രജൻ ആയതിനാല്‍ തന്നെ പരമ്പരാഗത രീതിയില്‍ കംപാർട്ട്മെന്റിന് മുകളിലെ വൈദ്യുതി കേബിളുകള്‍ ഈ ട്രെയിനിന് ഉണ്ടാവില്ല. കാർബണ്‍ എമിഷന്‍ പകരമായി നീരാവി മാത്രമാണ് ഈ ട്രെയിൻ പുറം തള്ളുക. സീറോ എമിഷൻ ട്രാൻസ്പോർട്ട് രംഗത്തെ നിർണായക ചുവട് കൂടിയാണ് ഈ ട്രെയിൻ.
ജർമ്മനി, യുകെ, ഫ്രാൻസ്, ഇറ്റലി, അമേരിക്ക തുടങ്ങിയ ചുരുക്കം ചില രാജ്യങ്ങളില്‍ മാത്രമാണ് നിലവില്‍ ഹൈഡ്രജൻ ട്രെയിനുകള്‍ ഉപയോഗിക്കുകയോ പരീക്ഷിക്കുകയോ ചെയ്യുന്നത്. ഈ പദ്ധതി യാഥാർത്ഥ്യമായതോടെ ഈ അത്യാധുനിക റെയില്‍ സാങ്കേതികവിദ്യ വിജയകരമായി നടപ്പിലാക്കുന്ന ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും ഇടം പിടിച്ചു.സർവ്വീസ് ആരംഭിച്ചതോടെ ലോകത്തിലെ തന്നെ ഏറ്റവും നീളമേറിയ ബ്രോഡ്ഗേജ് ഹൈഡ്രജൻ ട്രെയിൻ എന്ന റെക്കോർഡും നമോ ഗ്രീൻ റെയിലിന് സ്വന്തമായി.






