തിരുവനന്തപുരം: ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി. ഒക്ടോബർ 10 വരെ അപേക്ഷിക്കാൻ സമയമുണ്ട്.
ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട വിധവകള്‍, വിവാഹബന്ധം വേർപ്പെടുത്തിയവർ, ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ എന്നിവരുടെ ഭവന പുനരുദ്ധാരണത്തിനായി ന്യൂനപക്ഷക്ഷേമ വകുപ്പ് നടപ്പിലാക്കുന്നതാണ് ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി. ഈ പദ്ധതി പ്രകാരം ധനസഹായം നല്‍കുന്നതിന് ആദ്യം പ്രഖ്യാപിച്ച അവസാന തീയതി കഴിഞ്ഞു പോയിരുന്നു. അപേക്ഷ സമർപ്പിക്കാത്തവർ ഇനിയുമുണ്ട് എന്ന് മനസ്സിലാക്കിയാണ് അപേക്ഷാ തീയതി ഒക്ടോബർ 10 വരെ നീട്ടിയിരിക്കുന്നത്.
മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്സി, ജൈൻ എന്നീ ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പ്പെടുന്ന സ്ത്രീകള്‍ക്കാണ് ധനസഹായം ലഭിക്കുന്നത്.
ശരിയായ ജനലുകള്‍, വാതിലുകള്‍, മേല്‍ക്കൂര, ഫ്ളോറിങ്, ഫിനിഷിങ്, പ്ലംബിങ്, സാനിറ്റേഷൻ, ഇലക്ട്രിഫിക്കേഷൻ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളില്ലാത്ത വീടുകളുടെ കേടുപാടുകള്‍ തീർക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമാണ് പദ്ധതി വഴി സാമ്പത്തിക സഹായം നല്‍കുന്നത്. വീടിന്റെ അറ്റകുറ്റപ്പണികള്‍ക്കായി പരമാവധി 50,000 രൂപയാണ് ധനസഹായമായി നല്‍കുന്നത്. വീടിന്റെ പരമാവധി വിസ്തീർണ്ണം 1200 സ്ക്വയർ ഫീറ്റ് കവിയാൻ പാടില്ല. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം.
പദ്ധതിയില്‍ ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് പ്രത്യേക മുൻഗണന നല്‍കും. അപേക്ഷകയ്ക്കോ അവരുടെ മക്കള്‍ക്കോ ശാരീരിക-മാനസിക വെല്ലുവിളികള്‍ ഉള്ളവർ, പെണ്‍കുട്ടികള്‍ മാത്രമുള്ള കുടുംബങ്ങള്‍, മക്കളില്ലാത്ത അപേക്ഷകർ തുടങ്ങിയ വിഭാഗങ്ങള്‍ക്കും മുൻഗണന ലഭിക്കും. സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളില്‍ സ്ഥിരവരുമാന ലഭ്യതയുള്ള മക്കളുള്ള വിധവകള്‍ പദ്ധതിക്ക് അർഹരല്ല. സർക്കാരില്‍ നിന്നോ സമാന ഏജൻസികളില്‍ നിന്നോ കഴിഞ്ഞ 10 വർഷത്തിനുള്ളില്‍ ഭവന നിർമ്മാണത്തിനോ ഭവന പുനരുദ്ധാരണത്തിനോ സഹായം ലഭിച്ചിട്ടുള്ളവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
അപേക്ഷാ ഫോറം http://www.mwdscholarship.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകയുടെ സ്വന്തം/ പങ്കാളിയുടെ പേരിലുള്ള 2026-27 സാമ്പത്തിക വർഷത്തെ ഭൂമിയുടെ കരം ഒടുക്കിയ രസീതിന്റെ പകർപ്പ്, റേഷൻ കാർഡിന്റെ പകർപ്പ് എന്നിവയോടൊപ്പം വീട് നവീകരിക്കേണ്ടതിനും, വീടിന്റെ വിസ്തീർണ്ണം തെളിയിക്കുന്നതിനും, മറ്റു വകുപ്പുകളില്‍ നിന്നോ/സമാന ഏജൻസികളില്‍ നിന്നോ അപേക്ഷകയ്ക്ക് 10 വർഷത്തിനുള്ളില്‍ ഭവന നിർമ്മാണത്തിനോ/ പുനരുദ്ധാരണത്തിനോ ആനുകൂല്യം ലഭിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതിനും ആവശ്യമായ സാക്ഷ്യപത്രം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനില്‍ നിന്നും അപേക്ഷയോടൊപ്പം ഹാജരാക്കണം.
പൂരിപ്പിച്ച അപേക്ഷ അനുബന്ധരേഖകള്‍ സഹിതം അതത് ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ സെക്ഷനില്‍ നേരിട്ടോ, ഡെപ്യൂട്ടി കളക്ടർ (ജനറല്‍), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷൻ, ജില്ലാ കളക്ടറേറ്റ് എന്ന വിലാസത്തില്‍ തപാല്‍ മുഖാന്തരമോ അയക്കാവുന്നതാണ്.






