തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ 10 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, ഇടുക്കി,എറണാകുളം,തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. കണ്ണൂരിൽ പ്രൊഫെഷണൽ കോളജുകൾക്ക് അവധി ബാധകമല്ല.
കനത്ത മഴയുടെ സാഹചര്യത്തിൽ കേരള സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. തിയറി, പ്രാക്ടിക്കൽ, വൈവ ഉൾപ്പെടെയുള്ള പരീക്ഷകളാണ് മാറ്റിയത്. കേരള സർവകലാശാല പഠനവകുപ്പുകളിലെ പരീക്ഷകൾക്ക് മാറ്റമില്ല.
അതേസമയം ശക്തമായ മഴ തുടരുന്നതിനാൽ ഇന്ന് 9 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. അടുത്ത 24 മണിക്കൂർ കേരളത്തില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ് നിർദേശമുണ്ട്. 18,434 പേർ ദുരിതാശ്വാസ ക്യാമ്പുകളിലുണ്ട്. കോട്ടയം ജില്ലയുടെ താഴ്ന്ന മേഖലകളിൽ വെള്ളക്കെട്ട് തുടരുകയാണ്. മീനച്ചിലാർ- മണിമലയാർ എന്നിവിടങ്ങളിൽ ജലനിരപ്പ് കുറഞ്ഞിട്ടില്ല.കോഴിക്കോടിന്റെ നഗരഭാഗങ്ങളിലും വെള്ളക്കെട്ട് മാറിയിട്ടില്ല.






