തുത്തുക്കുടി: സംസ്ഥാനപാതയിലെ സൂചനാ ബോര്‍ഡില്‍ ഹിന്ദിയില്‍ സ്ഥലപ്പേര് എഴുതിയതില്‍ പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെ നടപടിയുമായി തമിഴ്നാട് സര്‍ക്കാര്‍.
തമിഴ്നാട് ദേശീയപാത വിഭാഗത്തിലെ രണ്ട് ഉദ്യോഗസ്ഥരെ വെള്ളിയാഴ്ച സസ്പെന്‍ഡ് ചെയ്തു.
ആള്‍വാര്‍തിരുനഗരി-വള്ളിയൂര്‍ സംസ്ഥാനപാത 93-ന്റെ സൂചനാബോര്ഡിലാണ് ഹിന്ദിയില്‍ സ്ഥലപ്പേര് എഴുതിയിരുന്നത്.
ബോര്‍ഡില്‍ ഹിന്ദിയില്‍ എഴുതിയിരുന്നവ മായ്ച്ചു കളയുകയും ചെയ്തു. 'തമിഴ്നാടിന്റെ ദ്വിഭാഷാ നയത്തിന് വിരുദ്ധമായതിനാല്‍ ഹൈവേ വകുപ്പിലെ രണ്ട് എഞ്ചിനീയർമാർക്കെതിരെ അച്ചടക്ക നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ദ്വിഭാഷാ നയം ലംഘിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കും' ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡയറക്ടർ (ഡിഐപിആർ) പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
2017 ല്‍ സൈൻബോർഡുകളില്‍ ഹിന്ദി ഉള്‍പ്പെടുത്താനുള്ള എൻഎച്ച്എഐയുടെ ശ്രമം സംസ്ഥാനത്തുടനീളം വ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. തുടർന്ന് ബോർഡുകളില്‍ തമിഴും ഇംഗ്ലീഷും മാത്രമാണ് ഉപയോഗിച്ചിരുന്നത്.
സംസ്ഥാനപാതാ (എസ്എച്ച്) വകുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ദേശീയപാതാ(എൻഎച്ച്) വിഭാഗം, സെൻട്രല്‍ റോഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ട് ഉപയോഗിച്ച് സാത്തൻകുളം വഴി കടന്നുപോകുന്ന റോഡ് നവീകരിച്ചിരുന്നു. റോഡിന്റെ പണി പൂര്‍ത്തിയായ ശേഷം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ ഒരു സൈന്‍ ബോര്‍ഡ് എന്‍എച്ച് വിഭാഗം സ്ഥാപിച്ചിരുന്നു. ബോര്‍ഡില്‍ ഹിന്ദി പേരുകള്‍ ഉപയോഗിച്ചത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയ്ക്ക് കാരണമായിരുന്നു.
ഹിന്ദി ഉപയോഗത്തെ ശക്തമായി അപലപിച്ച മുന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്, കേന്ദ്ര സര്‍ക്കാരിന്റെ ഹിന്ദി അടിച്ചേല്‍പ്പിക്കലിനെ തമിഴ്നാട് സര്‍ക്കാര്‍ അംഗീകരിക്കുകയാണെന്ന് വ്യക്തമായെന്ന് സമൂഹമാധ്യമങ്ങളിലൂടെ ആരോപിച്ചിരുന്നു. ദ്വിഭാഷാ നയം തമിഴ്നാടിന്റെ ശാശ്വത നയമാണെന്ന് പറഞ്ഞ സ്റ്റാലിന്, അതുവെച്ച് കളിക്കരുതെന്ന് ടിവികെ സര്‍ക്കാരിന് മുന്നറിയിപ്പ് നല്കി. 1968 മുതല്‍ തമിഴ്നാട് ദ്വിഭാഷാ നയം പിന്തുടരുകയും ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെ എതിർക്കുകയും ചെയ്തുവരികയാണ്.






