മഴക്കാലത്ത് രോഗങ്ങള്‍ അകറ്റി നിർത്തി ആരോഗ്യം കാക്കാൻ ഭക്ഷണത്തില്‍ ശ്രദ്ധ നല്‍കേണ്ടതുണ്ട്. അതില്‍ത്തന്നെ, ദിവസവും വാങ്ങുന്ന പച്ചക്കറികളുടെ കാര്യത്തിലാണ് പ്രധാനമായും ജാഗ്രത വേണ്ടത്.
മഴക്കാലത്ത് അന്തരീക്ഷത്തിലുണ്ടാകുന്ന ഈർപ്പവും പ്രാണികളുടെയും ഈച്ചകളുടെയും പെരുപ്പവും കാരണം പച്ചക്കറികളില്‍ ബാക്ടീരിയകളും ഫംഗസുകളും പെരുകാൻ സാദ്ധ്യതയേറെയാണ്. മഴക്കാലത്ത് നാം വാങ്ങുന്ന പച്ചക്കറികളില്‍ ഏതൊക്കെയാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടതെന്നും, എന്തുകൊണ്ടാണ് അവ ഉപയോഗിക്കുമ്പോള്‍ ജാഗ്രത പാലിക്കേണ്ടതെന്നും നോക്കാം.
ഇലക്കറികള്‍
ചീര, ഉലുവയില, മല്ലിയില, ലെറ്റൂസ് തുടങ്ങിയ ഇലക്കറികളില്‍ മഴക്കാലത്ത് മണ്ണും ചെളിയും പ്രാണികളും എളുപ്പത്തില്‍ പറ്റിപ്പിടിച്ചിരിക്കാൻ സാദ്ധ്യതയുണ്ട്. ഈർപ്പം കാരണം ബാക്ടീരിയ, ഫംഗസ് രോഗാണുക്കള്‍ ഇവയില്‍ അതിവേഗം വളരുകയും വയറിളക്കം, അണുബാധ തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും.
കാബേജ്
ഇലകള്‍ അടുത്തടുത്ത് അടുക്കിവച്ചിരിക്കുന്ന കാബേജിന്റെ പാളികള്‍ക്കിടയില്‍ ചെറിയ പുഴുക്കളോ പ്രാണികളോ ചെളിയോ ഒളിച്ചിരിക്കാൻ സാദ്ധ്യത കൂടുതലാണ്. ഉയർന്ന ഈർപ്പം കാരണം കാബേജില്‍ ഫംഗസ് വളരാനും എളുപ്പമാണ്.
കോളിഫ്ളവർ
കാബേജ് പോലെത്തന്നെ കോളിഫ്ളവറിന്റെ പൂക്കള്ക്കിടയിലും ചെറുപ്രാണികളും പുഴുക്കളും അതിവേഗം പെരുകും. പുറത്തുനിന്നു നോക്കിയാല്‍ കാണാൻ പ്രയാസമായതിനാല്‍ ഇവ വയറ്റിലെത്താൻ സാദ്ധ്യതയേറെയാണ്.
കൂണ്
ജലാംശം കൂടുതലായതിനാല്‍ കൂണുകള്‍ എളുപ്പത്തില്‍ കേടുവരുന്നവയാണ്. മഴക്കാലത്തെ അന്തരീക്ഷത്തിലെ ഈർപ്പം കൂണുകളില്‍ ബാക്ടീരിയ, ഫംഗസ് വളർച്ച വേഗത്തിലാക്കുകയും ഇവയുടെ ആയുസ് കുറയ്ക്കുകയും ചെയ്യുന്നു. വിശ്വസനീയമായ സ്ഥലങ്ങളില്‍ നിന്ന് വാങ്ങുകയും ഉടൻതന്നെ പാകം ചെയ്ത് കഴിക്കുകയും ചെയ്തില്ലെങ്കില്‍ മഴക്കാലത്ത് കൂണ് ഒഴിവാക്കുന്നതാണ് നല്ലത്.
വഴുതന
മഴക്കാലത്ത് വഴുതനങ്ങയില്‍ പുഴുക്കുത്ത് ഉണ്ടാകാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. പുറന്തോല് കണ്ടാല്‍ നല്ലതെന്ന് തോന്നിയാലും ഉള്ളില്‍ ചെറിയ പുഴുക്കള്‍ ഉണ്ടാകാം. അതിനാല്‍ അരിയുമ്പോള്‍ ഉള്ളില്‍ പുഴുക്കളില്ലെന്ന് ഉറപ്പുവരുത്തണം.
മഴക്കാലത്ത് ശ്രദ്ധിക്കേണ്ട മുൻകരുതലുകള്‍
മഴക്കാലത്ത് പച്ചക്കറികള്‍ പൂർണമായും ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കേണ്ടതില്ലെങ്കിലും ചില മുൻകരുതലുകള്‍ എടുക്കുന്നത് ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും. ഇതിനായി വൃത്തിയും വിശ്വാസ്യതയുമുള്ള കടകളില്‍ നിന്ന് മാത്രം പച്ചക്കറികള്‍ വാങ്ങാൻ ശ്രദ്ധിക്കണം. വീട്ടിലെത്തിച്ച ശേഷം പൈപ്പിലെ ഒഴുകുന്ന വെള്ളത്തില്‍ ഇവ നന്നായി കഴുകിയെടുക്കുക. അതിനുശേഷം പാകം ചെയ്യുന്നതിന് മുൻപ് 15-20 മിനിട്ട് ചെറുചൂടുള്ള ഉപ്പുവെള്ളത്തിലോ വിനാഗിരി വെള്ളത്തിലോ മുക്കിവയ്ക്കുന്നത് പ്രാണികളെയും വിഷാംശങ്ങളെയും അകറ്റാൻ സഹായിക്കും.






