പാലാ: പാലാ നഗരസഭയിലെ അവിശ്വാസ വിഷയങ്ങള്‍ക്ക് ശേഷവും കോണ്‍ഗ്രസില്‍ പൊട്ടലും ചീറ്റലും. കോണ്‍ഗ്രസ് കൗണ്‍സിലർമാർ പാർട്ടി വിരുദ്ധ നിലപാട് സ്വീകരിച്ചുവെന്ന് നാട്ടകം സുരേഷ് വ്യക്തമാക്കി.
എന്നാല്‍ പാലായില്‍ വന്നപ്പോള്‍ നേരിട്ട് കൗണ്‍സിലർമാർക്ക് വിപ്പ് കൊടുക്കാമായിരുന്നല്ലോയെന്ന് പ്രാദേശിക നേതൃത്വം തിരിച്ചടിച്ചു.
ഇപ്പോള്‍ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെട്ട കൗണ്‍സിലർമാർ സമവായത്തിന് ഒരിക്കലും തയാറായില്ലെന്നും നാട്ടകം കുറ്റപ്പെടുത്തി.
പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് തുനിഞ്ഞിറങ്ങിയ കൗണ്‍സിലർമാർക്ക് വിപ്പ് നല്‍കിയെങ്കിലും പ്രയോജനമുണ്ടായില്ല. വിപ്പ് ലംഘിക്കുന്ന ജനപ്രതിനിധികള്‍ക്ക് ലഭിക്കേണ്ട ശിക്ഷ അവർക്ക് ഡി.സി.സി ഉറപ്പാക്കും. ഇക്കാര്യത്തിലുള്ള നിയമനടപടി ഉടൻ ആരംഭിക്കും. പാലായിലെ പ്രാദേശിക നേതൃത്വം പ്രായോഗിക സമീപനം സ്വീകരിക്കുന്നതില്‍ വിമുഖത കാട്ടിയെന്നും കോണ്‍ഗ്രസ് കൗണ്‍സിലർമാർ മനപൂർവ്വം പാർട്ടി വിരുദ്ധ നിലപാട് സ്വീകരിക്കുകയായിരുന്നുവെന്നുമാണ് നാട്ടകം സുരേഷിന്റെ അഭിപ്രായം.
ഇടപെടേണ്ട സമയത്ത് ഡി.സി.സി ഇടപെട്ടില്ല
പാലാ നഗരസഭയുമായി ബന്ധപ്പെട്ട പല വിഷയങ്ങളിലും ഡി.സി.സി ഉചിതമായ സമയത്ത് ഇടപെട്ടില്ലെന്ന് പാലായിലെ കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു. ഇപ്പോള്‍ പ്രാദേശിക നേതൃത്വത്തിനുമേല്‍ കുറ്റം ചാരിയിട്ട് കാര്യമുണ്ടോയെന്നും അവർ ചോദിക്കുന്നു.
പാർലമെന്ററി പാർട്ടി യോഗത്തില്‍ തനിക്കെതിരെ കയ്യേറ്റമുണ്ടായി എന്ന് ചൂണ്ടിക്കാട്ടി ഒരു കൗണ്‍സിലർ, നാട്ടകം സുരേഷിനെ നേരില്‍ കണ്ട് പരാതിപ്പെട്ടിരുന്നു. എന്നാല്‍ കൗണ്‍സിലർ പറയുന്നതിന് ചെവി കൊടുക്കാതെ, അദ്ദേഹത്തെ പുശ്ചിച്ച് ഇറക്കിവിടുകയായിരുന്നു എന്നാണ് ആക്ഷേപം. കൗണ്‍സിലർമാർ തിരുവനന്തപുരത്തെത്തി നേതാക്കളോട് നേരിട്ട് പരാതി പറഞ്ഞു . അതിനും കൃത്യമായ മറുപടി ഉണ്ടായില്ല.
നഗരസഭയിലെ പ്രതിപക്ഷമായ ഇടതുമുന്നണി അവിശ്വാസത്തിനു നോട്ടീസ് നല്കിയപ്പോഴും ജില്ലാ നേതൃത്വം അനങ്ങിയില്ലെന്നും ആരോപണമുണ്ട്.






