പത്തനംതിട്ട: ശബരിമല മണ്ഡലകാലം പ്രമാണിച്ച് ഹോട്ടല്‍, റെസ്റ്റോറന്റ്ജീവനക്കാർക്ക് വ്യാജ ഹെല്‍ത്ത് കാർഡുകള്‍ നല്‍കുന്നതായി പരാതി.
സീതത്തോട്ടിലെ അമ്മ ക്ലിനിക്കിനെ കേന്ദ്രീകരിച്ച് നടന്നതായി പറയുന്ന തട്ടിപ്പ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തി. പരിശോധനകളൊന്നും നടത്താതെ പണം വാങ്ങി ഹെല്‍ത്ത് കാർഡുകള്‍ നല്‍കിയെന്ന കണ്ടെത്തലിനെ തുടർന്ന് ക്ലിനിക്കിന്റെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികളിലേക്ക് ആരോഗ്യവകുപ്പ് നീങ്ങുകയാണ്.
ആയിരം രൂപ ഈടാക്കി ആരോഗ്യപരിശോധന നടത്താതെ തന്നെ ഹെല്‍ത്ത് കാർഡുകള്‍ നല്‍കുന്നതായാണ് ആരോപണം. ടൈഫോയിഡ് ഉള്‍പ്പെടെയുള്ള രോഗങ്ങളില്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന ഫിറ്റ്നസ് സർട്ടിഫിക്കറ്റുകളും പരിശോധന പൂർത്തിയാക്കിയതായി രേഖപ്പെടുത്തി നല്‍കിയെന്നാണ് പരാതി. 2024ലും സമാനമായ സംഭവത്തില്‍ ബന്ധപ്പെട്ടവർ പിടിയിലായിരുന്നുവെന്നും രണ്ടു വർഷത്തിന് ശേഷം വീണ്ടും ഇതേ രീതിയില്‍ പ്രവർത്തനം തുടരുകയായിരുന്നുവെന്നും അധികൃതർ പറയുന്നു.
ശബരിമലയിലെ ഹോട്ടലുടമകളെ ഫോണില്‍ വിളിച്ച് ഹെല്‍ത്ത് കാർഡുകള്‍ നല്‍കാമെന്ന് അറിയിച്ചാണ് ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. ഈ ഫോണ്‍വിളി ആരോഗ്യവകുപ്പ് ഡോക്ടർമാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സംഭവം പുറത്തായത്. തുടർന്ന് ഹോട്ടലുടമകളെന്ന വ്യാജേന ആരോഗ്യവകുപ്പ് ജീവനക്കാർ ക്ലിനിക്കിലെത്തി. 18 പേരടങ്ങിയ സംഘമാണ് പരിശോധനയ്ക്കെത്തിയത്. ആരോഗ്യപരിശോധന നടത്താതെ കാർഡ് നല്കുന്ന രീതി നേരിട്ട് ബോധ്യപ്പെട്ടതായി ഉദ്യോഗസ്ഥർ അറിയിച്ചു.
റിട്ടയേർഡ് സർജനായ വിൻസന്റ് എന്ന ഡോക്ടറും തട്ടിപ്പിന് കൂട്ടുനിന്നതായി ആരോപണമുണ്ട്. ഹെല്‍ത്ത് കാർഡുകളില്‍ ഒപ്പിടുകയും പരിശോധന പൂർത്തിയാക്കിയതായി രേഖപ്പെടുത്തുകയും ചെയ്തത് ഇദ്ദേഹമാണെന്നാണ് പരാതി.
നിലവില്‍ ശബരിമലയില്‍ ഏകദേശം 250 ഹോട്ടലുകള്‍ പ്രവർത്തിക്കുന്നുണ്ട്. ആയിരക്കണക്കിന് തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ ആരോഗ്യപരിശോധനാ മാനദണ്ഡങ്ങള്‍ പാലിക്കാതെ സർട്ടിഫിക്കറ്റുകള്‍ നല്‍കുന്നത് ഭക്ഷ്യസുരക്ഷയ്ക്കും പൊതുജനാരോഗ്യത്തിനും ഭീഷണിയാകുമെന്നാണ് വിലയിരുത്തല്‍. സംഭവത്തില്‍ അമ്മ ക്ലിനിക്കിന്റെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കാനാണ് ആരോഗ്യവകുപ്പിന്റെ നീക്കം.






