തൃശ്ശൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ അടുത്ത ദിവസങ്ങളിൽ നടക്കാൻ പോകുന്നത് റെക്കോർഡ് വിവാഹങ്ങൾ. ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ചയായ ആഗസ്റ്റ് 23ന് 429 വിവാഹങ്ങളും, ആഗസ്റ്റ് 30 ന് 342 വിവാഹങ്ങളും, സെപ്റ്റംബർ 13 ന് 328 വിവാഹങ്ങളുമാണ് നടക്കുക.
ഈ സാഹചര്യത്തിൽ ദർശനവും വിവാഹ ചടങ്ങും സുഗമമായി നടത്താൻ ഭക്തജനങ്ങളുടെ സഹായവും സഹകരണവും പ്രതീക്ഷിക്കുന്നതായി ദേവസ്വം ചെയർമാൻ എവി ഗോപിനാഥ് അറിയിച്ചു. ദേവസ്വം കാര്യാലയത്തിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ചെയർമാൻ.
ഭക്തർക്ക് തടസ്സമില്ലാതെ ക്ഷേത്ര ദർശനത്തിനും വിവാഹ ചടങ്ങുകൾ ഭംഗിയായി നടത്തുന്നതിനും പോലീസ് സഹകരണത്തോടെ ദേവസ്വം ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ചെയർമാൻ അറിയിച്ചു. ഭക്തജനതിരക്ക് കണക്കിലെടുത്ത് ഭക്തജനങ്ങളുടെ സുരക്ഷയ്ക്കായി ക്ഷേത്രത്തിനകത്തും പുറത്തും ക്ഷേത്രനഗരിയിലും അധികം പൊലീസിനെ വിന്യസിക്കാൻ ജില്ലാ പൊലീസ് മേധാവിക്ക് കത്ത് നൽകിയിട്ടുണ്ട്.
സമയബന്ധിതമായി പൂർത്തിയാക്കാൻ ആഗസ്റ്റ് 23, ആഗസ്റ്റ് 30, സെപ്റ്റംബർ 13 തീയതികളിൽ പുലർച്ചെ 4 മണി മുതൽ കല്യാണങ്ങൾ നടത്തും. താലികെട്ടിനായി 6 മണ്ഡപങ്ങൾ സജ്ജമാക്കും. താലികെട്ട് ചടങ്ങ് നിർവ്വഹിക്കാൻ ക്ഷേത്രംകോയ്മമാരെ വിവാഹമണ്ഡപത്തിലേക്ക് അധികമായി നിയോഗിക്കും. മണ്ഡപത്തിന് സമീപം മംഗളവാദ്യസംഘത്തെയും നിയോഗിക്കും. ക്ഷേത്രംകിഴക്കേ നട പൂർണമായും വൺവേ ആക്കും. ഒരു ദിശയിലേക്ക് മാത്രം ഭക്തരെ കടത്തിവിട്ട് തിരക്ക് നിയന്ത്രിക്കും.






