ഗുവാഹത്തി: അസമിലെ നാഗോൺ, ഗോലാഘട്ട്, ഹോജായ് ജില്ലകളിലായി വനഭൂമി കയ്യേറിയെന്ന് ആരോപിച്ച് ബി.ജെ.പി സർക്കാർ നടത്തിയ ബൂൾഡോസർ രാജ് ഒഴിപ്പിക്കൽ നടപടിയിൽ രണ്ട് ദിവസത്തിനകം ആയിരത്തിലധികം ബംഗാളി മുസ്ലിം കുടുംബങ്ങളെ തെരുവിലിറക്കിയതായും പത്തോളം പള്ളികൾ തകർത്തതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കനത്ത സുരക്ഷയിൽ നടന്ന ഒഴിപ്പിക്കൽ നടപടിയുടെ ആദ്യദിനം മൂന്ന് ജില്ലകളിലായി 547 കുടുംബങ്ങളെയാണ് ഒഴിവാക്കിയത്. രണ്ടാം ദിവസമായ ഞായറാഴ്ച നാഗോൺ ജില്ലയിലെ ലുതുമാരി ലോങ്ജപ് റിസർവ് വനത്തിൽ മാത്രം അറുന്നൂറിലധികം കുടുംബങ്ങളുടെ വീടുകളും പള്ളികളും അധികാരികൾ ബുൾഡോസർ ഉപയോഗിച്ച് തകർത്തു. എന്നാൽ റിസർവ് വനത്തിനുള്ളിലെ മുന്നൂറിലധികം ഹെക്ടർ ഭൂമിയിൽ പതിറ്റാണ്ടുകളായി തങ്ങൾ ജീവിക്കുകയാണെന്നും വനം വകുപ്പിൽ തൊഴിലാളികളായി ജോലി ചെയ്തിരുന്ന തങ്ങളെ സർക്കാർ തന്നെയാണ് അവിടെ താമസിപ്പിച്ചതെന്നും കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങൾ പറയുന്നു. റിസർവ് വനത്തിലെ നാല് ഗ്രാമങ്ങളിലെ താമസക്കാരെ കൊളോണിയൽ കാലത്തെ ടോങ്ഗ്യ വനപരിപാലന സമ്പ്രദായപ്രകാരമാണ് ഇവിടെ താമസിപ്പിച്ചതെന്നും ഇവരെ സാധാരണ കയ്യേറ്റക്കാരായി കാണരുതെന്നും ആവശ്യപ്പെട്ട് ഓൾ ഇന്ത്യ യൂണിയൻ ഓഫ് ഫോറസ്റ്റ് വർക്കിംഗ് പീപ്പിൾസ് നേരത്തെ രംഗത്തെത്തിയിരുന്നു.






