ആലപ്പുഴ: സർക്കാർ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും നടക്കുന്ന സൗജന്യ പൊതിച്ചോറ് വിതരണത്തെക്കുറിച്ചുള്ള പരാമർശം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി എംഎൽഎ ജി. സുധാകരൻ. മെഡിക്കൽ കോളേജുകളിലെ ഭക്ഷണവിതരണത്തിനെതിരെ താൻ സംസാരിച്ചിട്ടില്ലെന്നും, ഭക്ഷണം മെഡിക്കൽ കോളേജുകൾക്ക് പുറത്തുള്ള ആവശ്യക്കാർക്കും ലഭ്യമാക്കണമെന്നാണ് പറഞ്ഞതെന്നുമാണ് വിശദീകരണം.
ഭക്ഷണവിതരണം നിർത്തണമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും തന്റെ പ്രസ്താവന വളച്ചൊടിച്ചാണ് പ്രചരിപ്പിച്ചതെന്നും സുധാകരൻ പറഞ്ഞു. മെഡിക്കല്‍ കോളജ് കോമ്പൗണ്ടുകളില്‍ രാഷ്ട്രീയ പാര്‍ട്ടികളോ മറ്റ് സംഘടനകളോ ഭക്ഷണം വിതരണം ചെയ്യേണ്ടതില്ലായെന്നും രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും ഭക്ഷണം നല്‍കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നുമായിരുന്നു കഴിഞ്ഞ ദിവസം എംഎൽഎ പറഞ്ഞത്.
തിരഞ്ഞെടുപ്പ് ഫണ്ട് വിവാദത്തിലും ജി. സുധാകരൻ പ്രതികരിച്ചു. എച്ച്. സലാമിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റിക്കാണ് ഫണ്ട് സമാഹരിച്ച് കൈമാറിയതെന്നും, പണം സമാഹരിച്ച ഉറവിടങ്ങൾ വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മിറ്റിക്കാണ് പണം നൽകുന്നതെന്നും പാർട്ടിക്കല്ലെന്നും വ്യക്തമാക്കിയ സുധാകരൻ, എച്ച്. സലാമിന് വിഷയത്തിൽ വേണ്ടത്ര അറിവില്ലെന്നും കേരള രാഷ്ട്രീയത്തിൽ അദ്ദേഹത്തിന് പ്രത്യേക സ്ഥാനമില്ലെന്നും വിമർശിച്ചു.






