ഡൽഹി: ജിഎസ്ടി വെട്ടിപ്പ് കേസുകളില്‍ അറസ്റ്റ് ഒഴിവാക്കാൻ കേന്ദ്ര സർക്കാർ.
നിയമത്തില്‍ ഭേദഗതി വരുത്താൻ ജിഎസ്ടി കൗണ്‍സിലില്‍ നിർദേശം വെക്കാനാണ് കേന്ദ്രത്തിൻ്റെ തീരുമാനം. അന്താരാഷ്ട്ര മാനമുള്ള തട്ടിപ്പുകളില്‍ മാത്രം അറസ്റ്റ് മതിയെന്നാകും നിർദേശം.
ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന പീഡനങ്ങളും അമിതാധികാര പ്രയോഗവും തടയാനാണ് കേന്ദ്രത്തിൻ്റെ ലക്ഷ്യം.
ജിഎസ്ടി നിയമപ്രകാരം നികുതി ഉദ്യോഗസ്ഥർക്ക് നല്‍കിയിട്ടുള്ള അറസ്റ്റ് ചെയ്യാനുള്ള അധികാരം പൂർണമായും നീക്കം ചെയ്യാനാണ് കേന്ദ്രത്തിൻ്റെ നീക്കം. ഇതുസംബന്ധിച്ചു കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ തമ്മില്‍ പൊതുധാരണയായി. ഒക്ടോബർ ഏഴിന് നടക്കാനിരിക്കുന്ന 57-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ഈ വിഷയം പ്രധാന അജണ്ടയായി ചർച്ച ചെയ്യും.
അതിനുശേഷം പാർലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ആവശ്യമായ നിയമഭേദഗതികള്‍ കൊണ്ടുവരും.






