തിരുവനന്തപുരം: ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട വിവാദം കോൺഗ്രസിനുള്ളിൽ കൂടുതൽ രൂക്ഷമാകുന്നു. നിയമനങ്ങളിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി വിഡി സതീശനുമെതിരെ വിമർശനവുമായി ലോയേഴ്സ് കോൺഗ്രസ് രംഗത്തെത്തി. ഇതിനിടെ, സംഘടനയുടെ തിരൂർ താലൂക്ക് കമ്മിറ്റിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിലെ ആഭ്യന്തര ചർച്ചകൾ പുറത്തുവന്നതും വിവാദത്തിന് പുതിയ വഴിത്തിരിവായി.
വാട്സ്ആപ്പ് സന്ദേശങ്ങളിൽ വി.ഡി. സതീശനെതിരെയും കെപിസിസി നേതൃത്വത്തിനെതിരെയും രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്. "വി.ഡി. സതീശൻ ചെയ്യുന്നതിൽ പകുതിയും പാർട്ടി വിരുദ്ധമാണ്", "കെപിസിസിക്ക് നാഥനില്ലാത്ത അവസ്ഥയാണ്" തുടങ്ങിയ പരാമർശങ്ങൾ സന്ദേശങ്ങളിലുണ്ട്. യുഡിഎഫിന്റെ പ്രവർത്തന ശൈലിയെയും പരിഹസിക്കുന്ന പരാമർശങ്ങളും ഗ്രൂപ്പ് ചർച്ചകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
സർക്കാർ അഭിഭാഷക നിയമനങ്ങളിൽ എസ്.എഫ്.ഐ പ്രവർത്തകരെയും സംഘപരിവാർ അനുകൂല അഭിഭാഷകരെയും ഉൾപ്പെടുത്തിയെന്നാണ് ലോയേഴ്സ് കോൺഗ്രസിന്റെ പ്രധാന ആരോപണം. വർഷങ്ങളായി കോൺഗ്രസിനും ലോയേഴ്സ് കോൺഗ്രസിനും വേണ്ടി പ്രവർത്തിച്ച അഭിഭാഷകരെ അവഗണിച്ചാണ് നിയമനങ്ങൾ നടത്തിയതെന്നും സംഘടന കുറ്റപ്പെടുത്തുന്നു. നിയമനം ലഭിച്ചവർക്കെങ്കിലും കോൺഗ്രസിലോ ലോയേഴ്സ് കോൺഗ്രസിലോ അംഗത്വം നൽകാമായിരുന്നില്ലേയെന്നും അഭിഭാഷകർ ചോദിക്കുന്നു.
വിഷയത്തിൽ കോൺഗ്രസ് എം.എൽ.എ അബിൻ വർകി ഉൾപ്പെടെ നിരവധി നേതാക്കൾ പാർട്ടി നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ട്. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും നിയമനങ്ങളെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. സർക്കാർ നിലപാട് പുനഃപരിശോധിക്കാൻ തയ്യാറല്ലെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ ലോയേഴ്സ് കോൺഗ്രസും പരസ്യ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്.






