പാലക്കാട്: പെരിങ്ങോട്ടുകുറുശി ജുവലറി കവർച്ചാക്കേസിലെ പ്രതികൾക്കായി തമിഴ്നാട്ടിൽ വ്യാപക പരിശോധന.
പ്രതികൾ പഴനിയിലേക്ക് കടന്നുവെന്ന സൂചന ലഭിച്ചതോടെയാണ് തമിഴ്നാട് കേന്ദ്രീകരിച്ച് തെരച്ചിൽ ശക്തമാക്കിയത്.
സിസിടിവി ദൃശ്യങ്ങൾ, വാഹനങ്ങളുടെ നമ്പറുകൾ എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇതിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.
ഇന്നലെ ഉച്ചയ്ക്ക് 2.35നാണ് പെരിങ്ങോട്ടുകുറുശിയിലെ ഇഷാൻ ഗോൾഡ് എന്ന സ്ഥാപനത്തിൽ കവർച്ച നടന്നത്. ജുവലറിയിലേക്കെത്തിയ കവർച്ചാസംഘം തോക്കും കത്തിയും കാട്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തി സ്വർണം കവരുകയായിരുന്നു. അക്രമികളിലൊരാൾ ഒരുതവണ വെടിയുതിർക്കുകയും ചെയ്തു. ഏകദേശം 49 പവനോളം സ്വർണം ജുവലറിയിൽ നിന്ന് മോഷ്ടിച്ചതായാണ് നിഗമനം. നഷ്ടപ്പെട്ട സ്വർണത്തിന്റെ യഥാർത്ഥ കണക്ക് വ്യക്തമല്ല.
TN07 AE 0145 എന്ന സാൻട്രോ കാറിലാണ് പ്രതികൾ രക്ഷപ്പെട്ടത്. സംഭവസമയം രണ്ട് ജീവനക്കാരികൾ മാത്രമാണ് ജുവലറിയിലുണ്ടായിരുന്നത്. ഉടമ സനാദും ഭാര്യ ദിവ്യയും ജുവലറിയോട് ചേർന്നുള്ള വീട്ടിൽ ഭക്ഷണം കഴിക്കാൻ പോയിരുന്നു. കവർച്ചാ സംഘത്തിലെ ഡ്രൈവർ കാറിലിരുന്നു. മൂന്നുപേരാണ് കടയിലെത്തിയത്. തുടർന്ന് ഒരു സ്വർണമാല ആവശ്യപ്പെട്ടു. ഹിന്ദിയിലാണ് സംസാരിച്ചത്. ജീവനക്കാരികൾ മാല എടുക്കുന്നതിനിടെ സംഘത്തിലെ ഒരാൾ പെട്ടെന്ന് തോക്ക് ചൂണ്ടി. മറ്റു രണ്ടുപേർ കത്തികാട്ടി ഭീഷണിപ്പെടുത്തി. ചെറുത്തു നിൽക്കുന്നതിനിടെയാണ് വെടിയുതിർത്തത്. ജീവനക്കാരികൾ സ്റ്റൂളും മറ്റുമെടുത്ത് പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെ വിവരമറിഞ്ഞ് ഉടമയും എത്തി. അതിനിടെ സ്വർണമടങ്ങിയ ട്രേകളുമായി സംഘം രക്ഷപ്പെടുകയായിരുന്നു. ഇതിൽ ഒരു ട്രേ താഴെ വീണു.
അതേസമയം, ഇതരസംസ്ഥാന സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. രണ്ട് മിനിട്ടാണ് സംഘം കടയിലുണ്ടായിരുന്നത്. കൃത്യമായ ആസൂത്രണത്തോടെയാണ് ഇവർ കവർച്ച നടത്തിയതെന്നും പൊലീസ് പറയുന്നു. ഫോറൻസിക് സംഘം ജുവലറിയിലെത്തി പരിശോധിച്ചു.






