ചെന്നൈ : ഇന്ത്യ സഖ്യത്തിന്റെ ആവശ്യം തള്ളി, മോദി ഭരണകൂടത്തിന്റെ പരിഷ്കരിച്ച മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കാൻ ഡിഎംകെ. 50 ശതമാനം വർധനവ് അംഗീകരിക്കുന്നുവെന്ന് ഡിഎംകെ എംപി എ രാജ വ്യകത്മാക്കി. 7.18 ശതമാനം സീറ്റിൻ്റെ അനുപാതം നിലനിർത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. മണ്ഡല പുനർ നിർണയം ന്യായമായി വേണമെന്നാണ് ഡി എം കെ ആവശ്യപ്പെട്ടത്. 50 ശതമാനം സീറ്റ് വർധിക്കുമ്പോൾ 7.21 ശതമാനം വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി അധ്യക്ഷൻ എം.കെ. സ്റ്റാലിൻ ഉന്നയിച്ച ആവശ്യങ്ങൾ കേന്ദ്ര സർക്കാർ പരിഹരിച്ചതായി മുതിർന്ന പാർട്ടി നേതാക്കൾ പറഞ്ഞു. ജനസംഖ്യാ അടിസ്ഥാനത്തിലുള്ള മണ്ഡല പുനർനിർണയം പാർലമെന്റിൽ തങ്ങളുടെ പ്രാതിനിധ്യം ദുർബലപ്പെടുത്തിയേക്കാമെന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ആശങ്ക നിലനിൽക്കുന്നതിനിടെയാണ് ഡി.എം.കെ ബില്ലിനെ പിന്തുണയ്ക്കുമെന്ന് റിപ്പോർട്ടുകൾ വരുന്നത്.
“ഞങ്ങളുടെ നേതാവ് നിർബന്ധം പിടിച്ച കാര്യങ്ങൾ അവർ അംഗീകരിച്ചിട്ടുണ്ട്” എന്നായിരുന്നു ഇതു സംബന്ധിച്ച് മുതിർന്ന പാർട്ടി നേതാവിന്റെ പ്രതികരണം. ഭരണഘടനാ ഭേദഗതി പാസാക്കാൻ ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാരിന് കുറഞ്ഞത് മൂന്നിൽ രണ്ട് എം.പിമാരുടെ പിന്തുണ ആവശ്യമായതിനാൽ ഡി.എം.കെയുടെ ഈ സൂചന ഏറെ നിർണ്ണായകമാണ്. പാർട്ടിക്ക് 22 ലോക്സഭാ എം.പിമാരാണുള്ളത്. വരാനിരിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ ഇവരുടെ വോട്ടുകൾ നിർണ്ണായകമായേക്കാം.






