ആലപ്പുഴ: യുവമോർച്ച നേതാവ് പ്രതിയായ സ്വർണപ്പണയ തട്ടിപ്പ് കേസില്‍ മുഖ്യപ്രതി ശ്രീലകം ഫിനാൻസ് മാനേജർ ടിനു തമ്പാൻ അറസ്റ്റിലായി.
കുറത്തിക്കാട് പൊലീസ് കായംകുളത്ത് ഒരു വീട്ടില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. കേസില്‍ യുവമോർച്ചാ ജില്ലാ ജനറല്‍ സെക്രട്ടറി രാഹുല്‍ രാധാകൃഷ്ണനും സ്ഥാപന ഉടമ രാധാകൃഷ്ണപിള്ളയും ഒളിവിലാണ്. പ്രതികള്‍ 100 പവനോളം സ്വർണം തട്ടിയെടുത്തുവെന്നാണ് പരാതി ലഭിച്ചിരിക്കുന്നത്.
കുറഞ്ഞ പലിശയ്ക്ക് പണം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ആളുകളില്‍ നിന്ന് സ്വർണം വാങ്ങി വഞ്ചിച്ചുവെന്ന കേസില്‍ മുഖ്യപ്രതിയാണ് ടിനു തമ്പാൻ.
സ്വർണപണയത്തിനായി കൊണ്ടുവരുന്ന ആഭരണങ്ങള്‍ പ്രതി മറിച്ചുവില്‍ക്കുകയായിരുന്നു. ആവശ്യക്കാർ എത്തിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. തുടർന്ന് പൊലീസിന് ഇവർക്കെതിരെ നിരവധി പരാതി ലഭിക്കുകകയായിരുന്നു.
സ്ഥാപനത്തിനെതിരെ നൂറിലധികം പരാതികള്‍ ലഭിച്ചതായാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്. ടിനു തമ്പാനെ അറസ്റ്റ് ചെയ്യാൻ വൈകുന്നതില്‍ പൊലീസിനെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു.






